ഇത് അൻവികയുടെ റെക്കോഡ് കഥ
print edition ട്രെയിൻ കയറി വന്നൊരു ഷൂ


ഡി കെ അഭിജിത്
Published on Oct 28, 2025, 12:33 AM | 2 min read
തിരുവനന്തപുരം
അൻവികയുടെ റെക്കോഡിന് ഒരു കഥയുണ്ട്. ട്രെയിനുകളിലൂടെ കൈമാറിയെത്തിയ ഒരു ജോഡി ഷൂവിന്റെ കഥ.തുടങ്ങുന്നത് ഇങ്ങനെയാണ്.
രണ്ടാഴ്‌ച മുന്പ് പരിശീലനത്തിനിടെ അൻവികയുടെ ഷൂ കീറി. ഇതിനിടെ പരിക്കുമേറ്റു. വിശ്രമിക്കണമെന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ നിർദേശിച്ചു. ഷൂ നഷ്‌ടമായതിന്റെ സങ്കടമായിരുന്നു അപ്പോഴും അൻവികയ്‌ക്ക്. അച്ഛൻ ബി കെ രാജേഷ് ഉത്തർപ്രദേശിൽനിന്ന് വരുത്തിച്ച ഷൂ ആണ് നഷ്‌ടമായത്.
പരിക്കിനിടയിലും തിരുവനന്തപുരത്തുള്ള സ്‌കൂൾ ഒളിമ്പിക്‌സിൽ മത്സരിക്കുമെന്ന് അവൾ മനസിൽ ഉറപ്പിച്ചിരുന്നു. പക്ഷേ, ഒരു ആശങ്ക അപ്പോഴും ബാക്കി. പുതിയൊരെണ്ണം ഓർഡർ ചെയ്‌താൽ എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ല. പണവും പ്രതിസന്ധിയായി. ഒടുവിൽ സ്‌കൂളിലെ പിടിഎ ഇടപെട്ട് പതിനായിരം രൂപ നൽകി. ഓൺലൈൻ വഴി വാങ്ങിയാൽ കൃത്യസമയത്ത് എത്തില്ല. ചെന്നൈയിൽനിന്നാണ് എത്തേണ്ടത്. പരിശീലകനും റെയിൽവേ ഉദ്യോഗസ്ഥനുമായ പി റിജുവിന്റെ ഇടപെടൽ നിർണായകമാകുകയായിരുന്നു. ചെന്നൈ മുതൽ രണ്ട് ട്രെയിനുകളിൽ ടിടിഇമാരിലൂടെ കൈമാറി ഷൂ കണ്ണൂരിലേക്ക്. തിരുവനന്തപുരത്തേക്ക് അൻവികയും അമ്മ സജിനയും പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുന്പ് മാത്രമാണ് കൈയിൽ കിട്ടിയത്. സ്വപ്‌നം കണ്ട ഷൂ കൈയിലെത്തിയതോടെ അൻവിക ഒ രുങ്ങി.
അൻവികയുടെ ആദ്യയേറിൽത്തന്നെ ഷോട്ട്‌പുട്ട് പിറ്റിലെ റെക്കോഡ് മാഞ്ഞു. പിന്നീട് ഓരോ ഏറിലും അത് പുതുക്കുന്ന ആവേശക്കാഴ്‌ചയായിരുന്നു സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്‌പുട്ട് മത്സരത്തിൽ കണ്ടത്. ആദ്യറൗണ്ടിൽ 10.47 മീറ്റർ എറിഞ്ഞപ്പോൾത്തന്നെ 2022 ൽ കുട്ടമത്ത് ജിഎച്ച്‌എസ്‌എസിലെ പാർവണ ജിതേഷ് കുറിച്ച 10.11 മീറ്റർ വഴിമാറി.
രണ്ടാം റൗണ്ട് ഫൗളായി, മൂന്നാം റൗണ്ടിൽ ദൂരം 10.60 മീറ്ററിലേക്ക് ഉയർത്തി. നാലാം റൗണ്ടിലായിരുന്നു മികച്ച ദൂരം കണ്ടെത്തിയത് 11.31 മീറ്റർ. അഞ്ചാം റൗണ്ടിൽ 10.68, ആറിൽ 10.01 എന്നിങ്ങനെയായിരുന്നു ദൂരം. ഡിസ്‌കസ് ത്രോയിൽ ഇത്തവണ വെള്ളിയുമുണ്ട്. ഷോട്ട്‌പുട്ടിൽ കഴിഞ്ഞ തവണയും ചാമ്പ്യനായിരുന്നു.കണ്ണൂർ മമ്പറം എച്ച്‌എസ്‌എസിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ബി കെ അൻവിക. ചെത്ത് തൊഴിലാളിയായ അഞ്ചരക്കണ്ടി കുന്നിരിക്കൽ ചോലയിൽ ബി കെ രാജേഷ് ആണ് അച്ഛൻ. സഹോദരൻ ആൽബിൻ ബി ടെക് വിദ്യാർഥിയാണ്.ഷോട്ട്‌പുട്ടിൽ മലപ്പുറം മൂർക്കനാട് എസ്എസ്എച്ച്എസ്എസിലെ പി ടി നദ ഷെറിൻ (9.68) വെള്ളിയും കോഴിക്കോട് സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുല്ലൂരാമ്പാറയിലെ അനന്യ അനിൽ (9.19) വെങ്കലവും നേടി.










0 comments