Deshabhimani

ചെറായിയിൽ നിന്ന്‌ നഗോയിലേക്ക്‌ വഞ്ചിയോടിച്ചു; ഉറ്റചങ്ങാതിമാർ നേടിയത്‌ വെട്ടിത്തിളങ്ങുന്ന വെള്ളി

Manu Francis & Prince Noble.jpg
വെബ് ഡെസ്ക്

Published on Oct 01, 2026, 02:01 PM | 2 min read

തിരുവനന്തപുരം: ചെറായി ബീച്ചിൽ നിന്ന്‌ തുടങ്ങി നഗോയയിലെ കലുഷിതക്കടലിൽ പായ്‌വഞ്ചിയോടിച്ച്‌ വിജയതീരത്ത്‌ നങ്കൂരമിട്ട പ്രിൻസ്‌ നോബിളും മനു ഫ്രാൻസിസും ബന്ധുക്കളും ചിരകാല സുഹൃത്തുക്കളുമാണ്‌. കടലിലും തീരത്തും ഒരു പോലെ പ്രതിസന്ധികളെ മറികടന്നാണ്‌ ഏഷ്യൻ ഗെയിംസിലെ സെയ്‌ലിങ്ങിൽ മലയാളി സഖ്യം വെള്ളിനേട്ടത്തിലെത്തിയത്‌. അതുകൊണ്ടു തന്നെ ഇ‍ൗ മെഡലിന്‌ തിളക്കമേറെയാണ്‌.


കൊച്ചി പള്ളിപ്പുറത്താണ് പ്രിൻസിന്റെ വീട്‌. മനുവിന്റേത്‌ വരാപ്പുഴയിലും. മുപ്പതിലെത്തിയ രണ്ടുപേരും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളും സഹപാഠികളുമാണ്‌. കടപ്പുറത്ത്‌ ജനിച്ചുവീണവർക്ക്‌ കടലും കളിത്തോഴനായിരുന്നു. ആ അടുപ്പമാണ്‌ ചെറുപ്രായത്തിൽ തന്നെ വാട്ടർസ്‌പോർട്‌സ്‌ രംഗത്തെത്തിച്ചത്‌. മലയാളിയും ദേശീയ സെയ്‌ലിങ് അക്കാദമി പരിശീലകനുമായ പി മധുവാണ്‌ ഏഴാം ക്ലാസുകാരായ കളിത്തോഴരുടെ മികവ്‌ ആദ്യം തിരിച്ചറിഞ്ഞത്‌. അദ്ദേഹം രണ്ടുപേരെയും ഭോപ്പാലിലെ ദേശീയ സെയ്‌ലിങ് സ്‌കൂളിലെത്തിച്ചു. അവിടെ രണ്ടു വർഷം ലഭിച്ച പരിശീലനം സെയ്‌ലിങ്ങാണ്‌ ഇരുവരുടെയും വഴിയെന്ന്‌ ഉറപ്പിച്ചു.


നാട്ടിൽ തിരിച്ചെത്തിയിട്ടും കഠിനപരിശീലനം തുടർന്നു. മുസിരിസ്‌ യാട്ടിങ് ക്ലബാണ്‌ പയ്യന്മാരെ പിന്തുണച്ചത്‌. അവിടെ കേണൽ നവനീത്‌ മിത്തലും സുരേഷ്‌പിള്ളയും എല്ലാ സഹായവുമായി ഒപ്പംനിന്നു. പ്ലസ്‌ടു കഴിഞ്ഞ്‌ നേരെ ഇന്ത്യൻ ആർമിയിലേക്ക്‌. അതോടെ സെയ്‌ലിങിൽ ശ്രദ്ധിക്കാൻ കൂടുതൽ അവസരം ലഭിച്ചു. 2020 വരെ ആർമിയിലെ സെയ്‌ലിങ് കോച്ച്‌ സന്ദീപ്‌ജെയ്‌നു കീഴിലായിരുന്നു പരിശീലനം. ഏഷ്യൻ ഗെയിംസിനായി മുംബൈയിലെ ആർമിയുടെ യോട്ടിങ്ങ്‌ കേന്ദ്രത്തിൽ നടത്തിയ കഠിനപരിശ്രമമാണ്‌ ഇപ്പോൾ ഫലം കണ്ടത്‌. നിലവിലെ ഫോമിൽ സ്വർണം പ്രതീക്ഷിച്ചുവെങ്കിലും നേരിയ വ്യത്യാസത്തിന്‌ രണ്ടാമതായി.


2010 മുതലാണ്‌ മത്സരങ്ങളിൽ സജീവമായത്‌. ചെറിയ പായ്‌വഞ്ചിയിലുള്ള മത്സരമാണ്‌ സ്‌കിഫ്‌ സെയ്‌ലിങ്. വഞ്ചി ചെറുതായതിനാൽ തന്നെ വേഗം കൂടുതലാണ്‌. ടീമിലെ രണ്ടുപേർക്കും നല്ല പരസ്‌പരധാരണയും ഒറ്റ മനസ്സും ഉണ്ടായാൽ മാത്രമേ മികവ്‌ കാണിക്കാൻ കഴിയൂ. ചെറിയപ്രായം മുതൽ ഒന്നിച്ചുള്ള പരിശീലനവും താമസവും ഇരുവർക്കുമിടയിൽ സൃഷ്‌ടിച്ച അസാമാന്യമായ പൊരുത്തം മത്സരങ്ങളിൽ വലിയ സഹായമായി.


2022 ലും 2023 ലും ഏഷ്യൻ സെയ്‌ലിങ് ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയതാണ്‌ അന്താരാഷ്‌ട്രതലത്തിൽ ഇരുവർക്കും വലിയ ആത്മവിശ്വാസം നൽകിയത്‌. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ മികവിന്‌ അടിവരയിട്ടു. ഒളിന്പിക്‌സാണ്‌ അടുത്ത ലക്ഷ്യം. ജപ്പാനിൽ നിന്ന്‌ മടങ്ങിയെത്തിയിലുടൻ അതിനുള്ള പരിശ്രമം തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home