Deshabhimani

സൈനിക സേവന നിയമം ലംഘിച്ചു; കെ-പോപ്പ് ​ഗായകന് തടവുശിക്ഷ

mino
വെബ് ഡെസ്ക്

Published on Oct 01, 2026, 02:47 PM | 1 min read

സിയോൾ: സൈനിക സേവന നിയമം ലംഘിച്ച കേസിൽ പ്രശസ്ത കെ-പോപ്പ് ​ഗായകന് തടവുശിക്ഷ. ദക്ഷിണ കൊറിയൻ സൈനിക സേവന നിയമം ലംഘിച്ച മിനോ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന സോങ് മിൻ-ഹോയ്ക്ക് കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു. എന്നാൽ ഈ ശിക്ഷ രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.


രണ്ടു വർഷത്തെ പ്രൊബേഷൻ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടില്ലെങ്കിൽ സോങിന് ജയിൽവാസം അനുഭവിക്കേണ്ടി വരില്ല. 2023 മുതൽ 2024 വരെയുള്ള 21 മാസത്തെ സോഷ്യൽ സർവീസ് കാലയളവിൽ 102 തവണ അനുമതിയില്ലാതെ ജോലിക്ക് ഹാജരായില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.


സൈനിക സേവനം വിശ്വസ്തതയോടെ പൂർത്തിയാക്കേണ്ട കടമയാണെന്നും സോഷ്യൽ സർവീസ് ജീവനക്കാർക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ സോങ് കുറ്റം സമ്മതിക്കുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തത് കോടതി കണക്കിലെടുത്തു. വ്യാജ ഹാജർ രേഖകൾ ഉണ്ടാക്കി സോങിനെ സഹായിച്ച അദ്ദേഹത്തിന്റെ സൂപ്പർവൈസർക്കും കോടതി സസ്പെൻഡ് ചെയ്ത തടവുശിക്ഷ വിധിച്ചിട്ടുണ്ട്.


ദക്ഷിണ കൊറിയയിൽ ആരോഗ്യമുള്ള എല്ലാ പുരുഷന്മാരും കുറഞ്ഞത് 18 മാസമെങ്കിലും സൈന്യത്തിൽ സേവനമനുഷ്ഠിക്കണം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുള്ളവരെ ബദലായി സോഷ്യൽ സർവീസ് വിഭാഗത്തിലേക്ക് മാറ്റാറുണ്ട്. കലാകാരന്മാരുടെ സൈനിക സേവനം രാജ്യത്ത് പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്.


വിധി വരുന്നതിന് മുന്നോടിയായി സോങ് തന്റെ പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിക്കുകയും ആരാധകരോട് മാപ്പുപറയുകയും ചെയ്തു. 'വിന്നർ' എന്ന ബോയ് ബാൻഡ് അംഗമാമാണ് 33കാരനായ സോങ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home