വിദ്യാർഥി വേട്ടയിൽ അലയടിച്ച് പ്രതിഷേധം; സെക്രട്ടറിയറ്റിലേയ്ക്ക് എസ്എഫ്ഐ മാർച്ച്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെഎസ്‍യു-പൊലീസ് നടത്തിയ വിദ്യാർഥി വേട്ടയിൽ സംസ്ഥാനത്ത് പ്രതിഷേധം ആർത്തിരമ്പി. എസ്എഫ്ഐ പ്രവർത്തകർ സെക്രട്ടറിയറ്റിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. തീ തുപ്പുന്ന പീരങ്കി കൊണ്ടുവന്നാലും കേരളത്തിലെ എസ്എഫ്ഐ നേരിടുമെന്ന് എസ്എഫ്ഐ കേരള സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ഒന്നേ ചോദിക്കാനുള്ളൂ, ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗിക വസതിയാണോ യൂണിവേഴ്സിറ്റി കോളേജും അതിന്റെ ഹോസ്റ്റലും..? ഗ്യാനേഷ് കുമാർ പഠിക്കുന്നത് യൂണിവേഴ്സിറ്റി കോളേജിലാണോ.. താമസം ഹോസ്റ്റലിലാണോ..? പിന്നെ എന്തിനാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലേയ്ക്ക് തീപന്തം വലിച്ചെറിഞ്ഞതെന്ന് സഞ്ജീവ് ചോദിച്ചു.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ ജെ ജനീഷും വടകര എംഎൽഎ യും എംപിയുമായിട്ടുള്ള ഷാഫി പറമ്പിലും സംയുക്തമായി നടത്തിയിട്ടുള്ള നാടകത്തിന്റെ തിരക്കഥയാണ് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുൻപിൽ നടന്നത്. എസ്എഫ്ഐയുടെ കൊടി കണ്ടാൽ തല്ലണം, അത് പെൺകുട്ടിയാണോ ആൺകുട്ടിയാണോ എന്നൊന്നും ഇല്ല. എസ്എഫ്ഐയുടെ മുദ്രാവാക്യം വിളിച്ചാലും തല്ലണം, തലതല്ലി പൊളിക്കണമെന്ന ചിന്തയാണ് പൊലീസിനുള്ളത്. ഇത് എന്ത് മനോഭാവമാണ്..? സഞ്ജീവ് ചോദിക്കുന്നു. ഈ അതിക്രമത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ഉയരുമെന്നും സഞ്ജീവ് പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെയുള്ള സമരമെന്ന് പറഞ്ഞുകൊണ്ട് മന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിൽ നടത്തിയ യൂത്ത് കോൺഗ്രസ് സമരത്തിനിടെ ഹോസ്റ്റലിലേയ്ക്ക് തീപന്തം എറിഞ്ഞു. ഇതിന്റെ ഭാഗമായുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് പൊലീസ് അതിക്രൂരമായി മർദിച്ചു. എന്തിനാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയത്. ആരാണ് അനുമതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് എസ്എഫ്ഐ നേതൃത്വം ആവശ്യപ്പെട്ടു.








0 comments