തോമസ് കപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിക്ക് മൂലം സെമിയിൽ ഇന്ന് ലക്ഷ്യ സെൻ കളിക്കില്ല

Photo Credit: Getty Images
ഹോർസെൻസ്(ഡെൻമാർക്ക്): തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് തിരിച്ചടിയായി സൂപ്പർ താരം ലക്ഷ്യ സെന്നിന്റെ പരിക്ക്. വലതു കൈമുട്ടിനേറ്റ നീർവീക്കവും പരിക്കും കാരണം ഫ്രാൻസിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ലക്ഷ്യ കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയാൻ ചെന്നിനെതിരെ നടന്ന വാശിയേറിയ പോരാട്ടത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
ലോക ആറാം നമ്പർ താരമായ ചൗ ടിയാൻ ചെന്നിനെ ഒരു മണിക്കൂറും 28 മിനിറ്റും നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിനിടെ ഒരു ഷോട്ടിനായി ഡൈവ് ചെയ്തപ്പോഴാണ് താരത്തിന്റെ കൈമുട്ടിന് പരിക്കേറ്റതെന്ന് മുൻ ഇന്ത്യൻ പരിശീലകൻ വിമൽ കുമാർ പറഞ്ഞു. ലക്ഷ്യയ്ക്ക് പകരം യുവതാരം ആയുഷ് ഷെട്ടി ആദ്യ സിംഗിൾസിൽ ഇന്ത്യക്കായി ഇറങ്ങും.
ലക്ഷ്യയുടെ അഭാവത്തിൽ കിഡംബി ശ്രീകാന്ത്, എച്ച്.എസ് പ്രണോയ് എന്നിവരിലാണ് ഇന്ത്യയുടെ സിംഗിൾസ് പ്രതീക്ഷകൾ. ലോക മുപ്പതാം നമ്പർ താരമായ ശ്രീകാന്ത് രണ്ടാം സിംഗിൾസിലും, മൂന്നാം സിംഗിൾസിൽ എച്ച്.എസ് പ്രണോയിയും പോരാട്ടത്തിനിറങ്ങും. ഡബിൾസിൽ ഹരിഹരൻ അംസകരുണൻ - എം.ആർ അർജുൻ സഖ്യവും ലോക നാലാം നമ്പർ സഖ്യമായ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി ടീമും ഇന്ത്യയുടെ കരുത്താകും.
ലക്ഷ്യ സെൻ കളിക്കാത്തത് വലിയ തിരിച്ചടിയല്ലെന്നും ടീമിലെ മറ്റ് താരങ്ങൾ ആത്മവിശ്വാസത്തിലാണെന്നും ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി സഞ്ജയ് മിശ്ര പറഞ്ഞു. ഇന്ത്യ സെമിയിൽ വിജയിച്ച് ഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ ലക്ഷ്യ തിരിച്ചെത്തുമെന്നാണ് ടീമിന്റെ പ്രതീക്ഷ. സെമിയിൽ എത്തിയതോടെ തോമസ് കപ്പിൽ ഇന്ത്യ മെഡൽ ഉറപ്പാക്കിക്കഴിഞ്ഞു. 2022-ലെ കിരീട ജേതാക്കളായ ഇന്ത്യ ഇത്തവണയും സ്വർണ്ണനേട്ടം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്.










0 comments