ad
Deshabhimani

print edition സർക്കാരിന്റെ കരുതലിൽ അഭിനവ് ഉയർന്നു

abhinav State School Sports Meet

മന്ത്രി ഒ ആർ കേളു സമ്മാനിച്ച ഫൈബർ പോളിൽ 
പോൾവാൾട്ടിൽ മത്സരിക്കുന്ന അഭിനവ്‌

avatar
വെെഷ്ണവ് ബാബു

Published on Oct 25, 2025, 04:11 AM | 1 min read


തിരുവനന്തപുരം

ഏറെ കൊതിച്ച ഫൈബർ പോളിൽ അഭിനവ്‌ ആവേശത്തോടെയും അഭിമാനത്തോടെയും തൊട്ടു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയമായിരുന്നു വേദി. ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ട്‌. മുളയിൽ കുത്തി ചാടിയ ഇന്നലെകളെ അവൻ മറന്നു. ചേർത്തുപിടിച്ച സർക്കാർ നൽകിയ പുത്തൻ ഫൈബർ പോളിൽ അവൻ ആകാശത്തേക്ക്‌ കുത്തി ഉയർന്നു. സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌സിലെ മനോഹര കാഴ്‌ചയായി അത്‌.


വയനാട് ജില്ലാ കായികമേളയിൽ മുളക്കമ്പിൽ മത്സരിച്ച്‌ സ്വർണമണിഞ്ഞ എ എം അഭിനവിന്‌ മന്ത്രി ഒ ആർ കേളുവാണ്‌ ഫൈബർ പോൾ സമ്മാനിച്ചത്‌. 2.60 മീറ്റർ ചാടി. ആദ്യമായി ഫൈബർ പോളിൽ ചാടുന്നതിന്റെ അമ്പരപ്പിൽ ആദ്യസ്ഥാനങ്ങളിലെത്താനായില്ല. ഏഴാമനായി അവസാനിപ്പിച്ചു. ഫൈബർ പോളിൽ കൂടുതൽ ഉയരത്തിലെത്താനാകുമെന്ന പ്രതീക്ഷയോടെയാണ്‌ മടക്കം.


ഒരാഴ്‌ച മുമ്പ്‌ മന്ത്രിയിൽ നിന്ന്‌ ഏറ്റുവാങ്ങിയ 1.05 ലക്ഷം വിലയുള്ള പോൾ തിരുവനന്തപുരത്ത്‌ ശിക്ഷക്‌ സദനിൽ സൂക്ഷിച്ചിരുന്നു. സിപിഐ എം വയനാട്‌ ജില്ലാ സെക്രട്ടറി കെ റെഫീഖ്‌ ആണ്‌ സ്‌പൈക്ക്‌ സമ്മാനിച്ചത്‌.


പുതിയ പോൾ ഇതുപയോഗിച്ച്‌ പരിശീലിക്കാത്തതിനാൽ മുള തന്നെ ഉപയോഗിച്ചോളാൻ പരിശീലകൻ കെ വി സജി നിർദേശിച്ചു. ‘വേണ്ട സാറെ, കുറേ കൊതിച്ചതാണ്‌’ എന്നായിരുന്നു മറുപടി. 2.8 മീറ്റർ മറികടക്കാനുള്ള ശ്രമം രണ്ടു തവണ പരാജയപ്പെട്ടതോടെ മൂന്നാം ശ്രമം മുള ഉപയോഗിച്ചായിരുന്നു. മാനന്തവാടി ജിവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്‌. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ മണിയും ഉഷയും മാതാപിതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home