print edition ഏഷ്യൻ ഗെയിംസിന് ഇനി 15 ദിവസം; ഇന്ത്യക്ക് 503 അംഗസംഘം

യാഷ്വീർ സിങ്
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ അന്തിമസംഘമായി. 36 ഇനങ്ങളിൽ 503 പേർ ഇന്ത്യൻ കുപ്പായമണിയും. 269 പുരുഷന്മാരും 234 വനിതകളുമാണുള്ളത്. ഇവരെ സഹായിക്കാൻ 246 അംഗ പരിശീലകസംഘവുമുണ്ട്. 11 അത്‌ലീറ്റുകൾക്കുകൂടി കേന്ദ്രസർക്കാർ അനുമതി നൽകി. പരിക്കേറ്റ് പിൻമാറിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് പകരം യാഷ് വീർ സിങ്ങിനെ ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. അത്‌ലറ്റിക്‌സിൽ 77 അംഗസംഘമാണ്.
ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ട്രഷറർ സഹ്‌ദേവ് യാദവാണ് സംഘത്തലവൻ. ഡപ്യൂട്ടി ചീഫ് ഡി മിഷനായി മുൻ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമൽ, മലയാളിയായ ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടൻ എന്നിവരുണ്ട്. ഒളിമ്പിക്‌സിൽ മെഡൽ നേടിയ അഞ്ച് താരങ്ങളുണ്ട്. പി വി സിന്ധു(ബാഡ്‌മിന്റൺ), മനു ഭാക്കർ (ഷൂട്ടിങ്), ലവ്‌ലിന ബൊർഗോഹെയ്‌ൻ (ബോക്‌സിങ്), അമൻ ഷെഹ്‌രാവത്ത് (ഗുസ്‌തി), മീരാഭായ് ചാനു (ഭാരോദ്വഹനം) എന്നിവർ മെഡൽ പ്രതീക്ഷയിലാണ്. ഉത്തേജക വിവാദം ടീമിനെ അലട്ടുന്നുണ്ട്. ഗുസ്‌തിക്കാരായ മുകുൾ ദഹിയയും ദീപാൻഷുവും ടീമിൽനിന്നും പുറത്തായിരുന്നു. ലോക ഉത്തേജക വിരുദ്ധസമിതി ഇന്ത്യൻ ക്യാമ്പിൽ പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ തവണ ഹാങ്ഷുവിൽ നടന്ന ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്ഥാനമായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡൽ. ഇത്തവണയും 100 കടക്കാമെന്നാണ് പ്രതീക്ഷ. അത്‌ലറ്റിക്‌സിനുപുറമേ മെഡൽ സാധ്യമായ ഒട്ടേറെ ഇനങ്ങളുണ്ട്. ക്രിക്കറ്റിൽ പുരുഷ–വനിതാ സ്വർണം നിലനിർത്താമെന്നാണ് പ്രതീക്ഷ. ഹോക്കി, ബാഡ്‌മിന്റൺ, കബഡി, ഷൂട്ടിങ്, ഗുസ്‌തി, ഭാരോദ്വഹനം എന്നിവയിലും പ്രതീക്ഷയുണ്ട്. അമ്പെയ്‌ത്ത്, ബോക്‌സിങ്, ഫുട്‌ബോൾ, ജുഡോ, തുഴച്ചിൽ, നീന്തൽ, ടെന്നീസ്, വോളിബോൾ എന്നിവയിലും ഇന്ത്യൻ സാനിധ്യമുണ്ട്.










0 comments