ad
Deshabhimani

മണിപ്പൂർ കലാപം: 2023 മുതൽ കൊല്ലപ്പെട്ടത് 306 പേർ; മോദി സർക്കാരിന്റെ പരാജയം തുറന്നുകാട്ടി കണക്കുകൾ

manipur.
വെബ് ഡെസ്ക്

Published on Sep 04, 2026, 10:24 AM | 1 min read

ഇംഫാൽ: മണിപ്പൂരിലെ വംശീയ സംഘർഷം വർഷങ്ങൾ പിന്നിട്ടിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാതെ കേന്ദ്രം. മോദി സർക്കാരിന്റെയും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തിന്റെയും സമ്പൂർണ പരാജയം വ്യക്തമാക്കുന്ന കണക്കുകൾ മണിപ്പൂർ നിയമസഭയിൽ, സംസ്ഥാന ആഭ്യന്തരമന്ത്രി ഗോവിന്ദദാസ് കോന്തൗജത്തിന് തുറന്നുപറയേണ്ടി വന്നു.


വംശീയ സംഘർഷത്തിൽ ഇതുവരെ 306 പേർ കൊല്ലപ്പെട്ടു. 2023 മേയ് 3ന് മെയ്തെയ്-കുക്കി വംശീയ സംഘർഷം ആരംഭിച്ചതിനുശേഷം മണിപ്പൂരിൽ 49 പേരെ കാണാതായിട്ടുണ്ടെന്നും, കാണാതായവരിൽ 34 പേരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തിയെന്നും സംസ്ഥാന സർക്കാർ നിയമസഭയെ അറിയിച്ചു.


ഫെബ്രുവരിയിൽ വൈ ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റിട്ടും ആക്രമണങ്ങൾക്ക് അയവുവന്നിട്ടില്ല. പുതിയ സർക്കാർ അധികാരമേറ്റ ശേഷം 45 പേർ കൊല്ലപ്പെടുകയും 105 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമാധാനം തിരിച്ചെത്തിയെന്ന കേന്ദ്ര സർക്കാർ അവകാശവാദമുന്നയിക്കുമ്പോഴും, 28,000-ത്തിലധികം മനുഷ്യർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക കേന്ദ്രങ്ങളിലുമായി കഴിയുന്നത്.


സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 60,000-ത്തോളം ആളുകൾക്ക് സ്വന്തം വീടുകൾ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നിലവിൽ 24,530 പേർ ദുരിതാശ്വാസ ക്യാമ്പുകളിലും 4,369 പേർ താൽക്കാലിക കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. 31,800ലധികം ആളുകൾ സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോയി.


ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികൾ പരാജയപ്പെട്ടതോടെ മേഖലകളിൽ ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരമുള്ള താൽക്കാലിക നിരോധനാജ്ഞയും സഞ്ചാര നിയന്ത്രണങ്ങളും ഇപ്പോഴും തുടരുകയാണ്. ബിഷ്ണുപൂർ (7,892), ചുരാചന്ദ്പൂർ (5,195), ഇംഫാൽ വെസ്റ്റ് (4,395) തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് ആളുകളാണ് സ്വന്തം മണ്ണിൽ അഭയാർഥികളായി കഴിയുന്നത്.


പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചെങ്കിലും, നിരപരാധികളുടെ മരണവും വിഭജന രാഷ്ട്രീയവും മണിപ്പൂരിൽ തുടർക്കഥയാവുകയാണ്. രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുമ്പോഴും കേന്ദ്ര ഭരണകൂടം കാഴ്ചക്കാരായി നോക്കി നിൽക്കുന്ന കാഴ്ചയാണ് മണിപ്പൂരിൽ കാണാൻ കഴിയുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home