മാരത്തൺ ചരിത്രം തിരുത്തിയ ഷൂസ്; വിവാദങ്ങൾക്ക് മറുപടിയുമായി വേൾഡ് അത്‌ലറ്റിക്സ്

Photo Credit: Social Media
ലണ്ടൻ: രണ്ട് മണിക്കൂറിൽ താഴെ സമയം കൊണ്ട് മാരത്തൺ പൂർത്തിയാക്കി കെനിയൻ താരം സെബാസ്റ്റ്യൻ സാവെ ചരിത്രം കുറിച്ചതിന് പിന്നാലെ ഉയർന്ന 'സൂപ്പർ ഷൂ' വിവാദത്തിൽ നിലപാട് വ്യക്തമാക്കി വേൾഡ് അത്‌ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ.
കായിക രംഗത്തെ നൂതനമായ സാങ്കേതിക വിദ്യകളെയും പരീക്ഷണങ്ങളെയും സംഘടന തടയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടൻ മാരത്തണിൽ സാവെ ഉൾപ്പെടെയുള്ള താരങ്ങൾ ധരിച്ചിരുന്ന അത്യാധുനിക ഷൂസുകൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ചെന്ന ചർച്ചകൾക്കിടയിലാണ് സെബാസ്റ്റ്യൻ കോയുടെ പ്രതികരണം.
ലണ്ടൻ മാരത്തണിൽ ഒരു മണിക്കൂർ 59 മിനിറ്റ് 30 സെക്കൻഡിലാണ് 31-കാരനായ സാവെ ഫിനിഷ് ചെയ്തത്. സാവെയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയ യോമിഫ് കെജെൽച്ചയും വനിതാ വിഭാഗത്തിൽ ലോക റെക്കോർഡ് കുറിച്ച ടിഗ്സ്റ്റ് അസെഫയും അഡിഡാസിന്റെ 'അഡിസെറോ അഡിയോസ് പ്രോ ഇവോ 3' എന്ന സൂപ്പർ ഷൂസുകളാണ് ഉപയോഗിച്ചിരുന്നത്.
100 ഗ്രാമിൽ താഴെ മാത്രം ഭാരമുള്ള ഈ ഷൂസ് ഓട്ടക്കാരുടെ ഊർജ്ജക്ഷമത 1.6 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.
സാങ്കേതികവിദ്യയുടെ സഹായം പ്രകടനത്തിൽ ഒരു പരിധിവരെ ഉണ്ടെങ്കിലും അത് മാത്രമല്ല വിജയരഹസ്യമെന്ന് സെബാസ്റ്റ്യൻ കോ പറഞ്ഞു. കായികതാരത്തിന്റെ മാനസിക ദൃഢത, കഠിനമായ പരിശീലനം, മികച്ച കോച്ചിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുമ്പോഴും അത് കൃത്യമായി നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം വേൾഡ് അത്‌ലറ്റിക്സിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പർ ഷൂസുകളുടെ അമിതമായ സ്വാധീനം കുറയ്ക്കാൻ 2020 മുതൽ വേൾഡ് അത്‌ലറ്റിക്സ് ഷൂസുകളുടെ സോളുകളുടെ കനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കണ്ടുപിടുത്തങ്ങൾ വേഗത വർദ്ധിപ്പിക്കുക മാത്രമല്ല, താരങ്ങൾക്ക് പരിക്കേൽക്കുന്നത് കുറയ്ക്കാനും കരിയർ ദീർഘിപ്പിക്കാനും സഹായിക്കുമെന്നും കോ വ്യക്തമാക്കി.
സാങ്കേതിക വിദ്യയും കായികക്ഷമതയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് കായിക ലോകം മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.










0 comments