വിജയക്കുതിപ്പ് തുടരുന്നു; ബാഴ്സ ലാ ലിഗ കിരീടത്തിലേക്ക്

FC Barcelona/ facebook.com/photo
മാഡ്രിഡ്: ലാ ലിഗയിൽ തുടർച്ചയായ വിജയങ്ങളുമായി ബാഴ്സലോണ കുതിക്കുന്നു. ഒസാസുനക്കെതിരെ നേടിയ 2-1 വിജയത്തോടെ, ബാഴ്സലോണ തുടർച്ചയായ രണ്ടാം ലാ ലിഗ കിരീടത്തിന് തൊട്ടരികിലെത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്സലോണ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ 14 പോയിന്റ് മുന്നിലെത്തി.
എസ്റ്റാഡിയോ എൽ സാദറിൽ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന പത്ത് മിനിറ്റിലാണ് മൂന്നു ഗോളുകളും പിറന്നത്. 81-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങിയ മാർക്കസ് റാഷ്‌ഫോർഡ് നൽകിയ കൃത്യതയാർന്ന ക്രോസ് റോബർട്ട് ലെവൻഡോവ്സ്കി ഗോളാക്കി മാറ്റിയതോടെയാണ് ബാഴ്സ മത്സരത്തിൽ ആധിപത്യം നേടിയത്. അഞ്ച് മിനിറ്റുകൾക്ക് ശേഷം, ഫെർമിൻ ലോപ്പസ് നൽകിയ പാസ് സ്വീകരിച്ച് ഫെറാൻ ടോറസ് പന്ത് വലയിലെത്തിച്ചു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ റൗൾ ഗാർഷ്യ ഹെഡറിലൂടെ ഗോൾ മടക്കി ഒസാസുനയ്ക്ക് പ്രതീക്ഷ നൽകി. എങ്കിലും പ്രതിരോധം കാത്തുസൂക്ഷിച്ച ബാഴ്സലോണ വിജയം സ്വന്തമാക്കി.
ലാ ലിഗ കിരീടത്തിലേക്ക് ബാഴ്സയ്ക്ക് ഇനി വെറും രണ്ട് പോയിന്റുകൾ കൂടിമത്. തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന എസ്പാന്യോളിനെതിരായ മത്സരത്തിൽ റയൽ വിജയിച്ചില്ലെങ്കിൽ ഹാൻസി ഫ്ലിക്കിന്റെ ടീം ചാമ്പ്യന്മാരാകും. മെയ് പതിനൊന്നിനാണ് ബാഴ്സയും റയലും തമ്മിലുള്ള അടുത്ത മത്സരം. മത്സരത്തിൽ തോൽവി ഒഴിവാക്കിയാൽ ബാഴ്സയ്ക്ക് കിരീടമുറപ്പിക്കാം.











0 comments