എൽഡിഎഫിന്റെ ഇച്ഛാശക്തിയിലൊരുങ്ങിയ പദ്ധതി
ആലപ്പുഴ - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കും; മാക്കേക്കടവ്- നേരേകടവ് പാലം തുറന്നു

ആലപ്പുഴ : ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി. മുഖ്യമന്ത്രി വി ഡി സതീശൻ ഞായറാഴ്ച പാലം ഉദ്ഘാടനം ചെയ്തു. മുൻ എൽഡിഎഫ് സർക്കാരാണ് സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം പൂർത്തിയാക്കിയത്. അരൂർ മണ്ഡലത്തിലെ തൈക്കാട്ടുശേരി മാക്കേക്കടവുമുതൽ വൈക്കം ഉദയനാപുരം നേരേകടവിലേക്കാണ് പാലം. 800 മീറ്റർ നീളത്തിലുള്ള പാലത്തിൽ 7.5 മീറ്റർ വീതിയിലാണ് പാത. 80 ഗര്ഡറുകളും 22 സ്പാനുകളുമാണുള്ളത്. ഇരുവശത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്.
മാക്കേക്കടവിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി കെ ബഷീർ, ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എം ലിജു, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജില്ലാ കലക്ടർ ഷാജി വി നായർ, മുൻ എം പി എ എം ആരിഫ്, മുൻ എംഎൽഎമാരായ സി കെ ആശ തുടങ്ങിയവർ പങ്കെടുത്തു.
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലൊരുങ്ങിയ പദ്ധതി
2006ൽ വി എസ് സർക്കാരാണ് തുറവൂർ – പമ്പ പാതയെന്ന ആശയം മുന്നോട്ടുവച്ചത്. ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസക് ഒരുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. തുടർന്നാണ് മണ്ണ് പരിശോധന ഉൾപ്പെടെ പാലത്തിന്റെ പ്രാഥമികജോലികൾ ആരംഭിക്കുന്നത്.
2011ൽ അധികാരത്തിൽവന്ന യുഡിഎഫ് സർക്കാർ ബജറ്റ് വിഹിതം അനുവദിച്ചതല്ലാതെ പാലത്തിനായി തുടർപ്രവർത്തനങ്ങൾ ഒന്നും ചെയ്തില്ല. 78.40 കോടി രൂപ അനുവദിച്ച് 2016 ജൂൺ 16നാണ് നിർമാണകമ്പനിയുമായി കരാര് ഒപ്പു വച്ചത്. ഒന്നാം പിണറായി സർക്കാർ ഭരണത്തിലിരിക്കെ 2017ൽ പാലത്തിന് കല്ലിട്ടു. നിർമാണം ത്വരിതഗതിയിൽ നടക്കുന്നതിനിടയിലാണ് സമീപ റോഡിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കമുണ്ടായി. ഇതുകാരണം പണി നിലയ്ക്കാനിടയായി.
ഭൂമിയുടെ പ്രശ്നം പരിഹരിക്കുന്നതിൽ എ എം ആരിഫ് എംഎൽഎ ആയിരുന്നപ്പോഴും എംപി ആയിരുന്നപ്പോഴും വളരെയധികം പരിശ്രമിച്ചു. മുൻ എംഎൽമാരായ ദലീമ, സി കെ ആശ എന്നിവരും സജീവമായി ഇടപെട്ടു. 2022 ജൂൺ 10ന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറി തുടർന്ന് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ട് വിഷയത്തിൽ ഇടപെട്ടു. മുൻധനമന്ത്രി കെ എൻ ബാലഗോപാൽ തുക നൽകുന്നതും വേഗത്തിലാക്കി. ഏഴുവർഷം മുമ്പുള്ള കരാറിനേക്കാൾ നിര്മാണ സാമഗ്രികളുടെ വില വർധനവ് കണക്കിലെടുത്ത് 42 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. ഇതോടെ 2024 മാർച്ചിൽ നിർമാണം പുനരാരംഭിച്ചു ഇതോടെയാണ് മാക്കേക്കടവ്–നേരേകടവ് പാലം യാഥാർഥ്യമായത്. പാലം പൂർത്തിയാകുന്നതോടെ കോട്ടയത്തു നിന്ന്- എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് വേഗത്തിലെത്താനാകും.








0 comments