ad
Deshabhimani

print edition 1000 തികയ്ക്കുമോ റൊണാൾഡോ

Ronaldo.jpg
വെബ് ഡെസ്ക്

Published on Aug 18, 2026, 01:08 AM | 1 min read

ലിസ്‌ബൺ: ആയിരം ഗോളെന്ന അനുപനേട്ടം ക്രിസ്‌റ്റ്യാനോ റൊണാൾഡോ പൂർത്തിയാക്കുമോ?. 24 ഗോൾ കൂടി മതി പോർച്ചുഗൽ ക്യാപ്‌റ്റന്‌ ചരിത്രനേട്ടത്തിലേക്ക്‌. പക്ഷേ, ഉടൻ കളിനിർത്തുമെന്ന സൂചനയാണ്‌ നാൽപ്പത്തൊന്നുകാരൻ കഴിഞ്ഞ ദിവസം നൽകിയത്‌. പ്രമുഖ അമേരിക്കൻ മാസികയായ വോഗിന്‌ നൽകിയ അഭിമുഖത്തിൽ നാൽപ്പത്തൊന്നുകാരൻ മനസ്‌ തുറന്നു.


‘ഇത്‌ മിക്കവാറും ഫുട്‌ബോളിലെ എന്റെ അവസാന വർഷമാകും. ഒരു അവിസ്‌മരണീയ അധ്യായം കുറിച്ച്‌ മടങ്ങാനാണ്‌ ആഗ്രഹം’–റൊണാൾഡോ പറഞ്ഞു. സ‍ൗദി പ്രോ ലീഗിൽ സീസണിലെ ആദ്യ കളിക്ക്‌ അഞ്ച്‌ നാൾമാത്രം ബാക്കിനിൽക്കെയാണ്‌ പ്രഖ്യാപനം. അടുത്ത വർഷം ജൂൺ വരെയാണ്‌ അൽ നസർ ക്ലബിൽ പോർച്ചുഗലുകാരന്റെ കരാർ. ഇതോടെ അവസാനിപ്പിക്കുമെന്നാണ്‌ സൂചന. കളിജീവിതത്തിൽ 976 ഗോളാണ്‌ മുന്നേറ്റക്കാരന്‌.


ദീർഘകാലത്തെ പങ്കാളി ജോർജിന റോഡ്രിഗസുമായുള്ള റൊണാൾഡോയുടെ വിവാഹം കഴിഞ്ഞയാഴ്‌ച നടന്നിരുന്നു. ഇതെല്ലാം വിരമിക്കൽ നീക്കത്തിന്റെ ഭാഗമായെന്നാണ്‌ വിലയിരുത്തൽ. ‘25 വർഷം ഫുട്‌ബോളിനായി എല്ലാം ത്യജിച്ചു. കഠിനാധ്വാനം ചെയ്‌തു. പല കാര്യങ്ങളും നേടി. അടുത്ത ഘട്ടം അതെല്ലാം ആസ്വദിക്കാനുള്ളതാണ്‌. ഇഷ്ടമുള്ള മറ്റ്‌ കാര്യങ്ങൾ പരിമിതികളില്ലാതെ ചെയ്യണം.


ഒരുപാട്‌ യാത്ര നടത്തണം’–റൊണാൾഡോ തുടർന്നു. സ്‌പോർട്ടിങ്‌ ലിസ്‌ബണിലൂടെ 2002ലാണ്‌ പ്രൊഫഷണൽ ഫുട്ബോളിലെ അരങ്ങേറ്റം. മാഞ്ചസ്റ്റർ യുണൈറ്റഡ്‌, റയൽ മാഡ്രിഡ്‌, യുവന്റസ്‌ ക്ലബുകൾക്കായി ഗോളടിച്ചുകൂട്ടിയശേഷം 2023ലാണ്‌ അൽ നസറിലെത്തിയത്‌. ദേശീയ കുപ്പായത്തിൽ 2003 മുതൽ 233 മത്സരത്തിലിറങ്ങി. 146 ഗോളടിച്ചു. ഇത്‌ റെക്കോഡാണ്‌.


കഴിഞ്ഞ മാസം അവസാനിച്ച ലോകകപ്പിൽ പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു. കളിജീവിതത്തിൽ എല്ലാ കിരീടങ്ങളും നേടിയിട്ടും ലോകകപ്പ്‌ മാത്രം ഉയർത്താനായില്ല. കഴിഞ്ഞ പതിപ്പിൽ അഞ്ച്‌ കളിയിൽ മൂന്ന്‌ ഗോളാണ്‌ സമ്പാദ്യം. ആകെ ആറ് ലോകകകപ്പിൽ ഭാഗമായി.


നേഷൻസ്‌ ലീഗിൽ അടുത്ത മാസം വെയ്‌ൽസുമായും നോർവെയുമായും ഡെൻമാർക്കുമായും പോർച്ചുഗലിന്‌ കളിയുണ്ട്‌. ഇ‍ൗ ടീമിൽ റൊണാൾഡോയുണ്ടാകുമോ എന്നാണ്‌ അടുത്ത ആകാംക്ഷ. രാജ്യാന്തര വേദിയിൽനിന്ന്‌ എന്ന്‌ മടങ്ങുമെന്ന് സൂചനകളില്ല. 2028ലാണ്‌ യൂറോ കപ്പ്‌. അതുവരെ തുടരില്ലെന്നാണ് നിലവിലെ പ്രഖ്യാപനത്തിന്റെ സാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home