ഫിഫ ലോകകപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ അമേരിക്കയും ഓസ്‌ട്രേലിയയും ഇന്ന് മാറ്റുരയ്ക്കുന്നു

Photo Credit:USSF
സീറ്റിൽ: ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണ്ണായക പോരാട്ടത്തിൽ അമേരിക്കയും ഓസ്‌ട്രേലിയയും ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30 ന് നേർക്കുനേർ വരുന്നു. വിവിധ കായികയിനങ്ങളിൽ പതിറ്റാണ്ടുകളായി തുടരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക വൈരമാണ് ഇപ്പോൾ ഫുട്ബോൾ മൈതാനത്തേക്കും പടരുന്നത്.
മൈതാനത്തെ കളിക്ക് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നതകളും മത്സരത്തിന് ചൂടേറ്റുന്നുണ്ട്. ഇറാൻ വനിതാ ഫുട്ബോൾ ടീം ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടിയപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തിയെങ്കിലും, അത് വകവെക്കാതെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് അവർക്ക് സംരക്ഷണം ഉറപ്പാക്കിയിരുന്നു.
ഇരുടീമുകളും തമ്മിലുള്ള കായികപ്പകയ്ക്ക് ആക്കം കൂട്ടിയത് 2025 ഒക്ടോബറിൽ കൊളറാഡോയിൽ നടന്ന സൗഹൃദ മത്സരമാണ്. അന്ന് ഓസ്‌ട്രേലിയൻ താരങ്ങളുടെ കടുത്ത ശാരീരിക അടവുകൾക്കെതിരെ അമേരിക്കൻ കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ ഡ്രെസ്സിങ് റൂമിൽ വെച്ച് കളിക്കാരോട് പൊട്ടിത്തെറിച്ചിരുന്നു.
"നമ്മൾ അമേരിക്കക്കാരാണ്, ആരുടെയും ചവിട്ടടി വാങ്ങാൻ നിൽക്കേണ്ടതില്ല" എന്നായിരുന്നു പോച്ചെറ്റിനോയുടെ വാക്കുകൾ. ആദ്യ മത്സരത്തിൽ പരാഗ്വെയെ 4-1 ന് തകർത്തതിന്റെ ആത്മവിശ്വാസത്തിൽ അമേരിക്ക വരുമ്പോൾ, തുർക്കിയെ 2-0 ന് തോൽപ്പിച്ച കടുത്ത പ്രതിരോധക്കളിയിലൂടെ മറുപടി നൽകാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം.










0 comments