ad
Deshabhimani

ഇൻഫാന്റിനോയ്ക്കെതിരായ നീക്കം തുടരും; ബഹിഷ്കരണ ഭീഷണി പിൻവലിച്ച് യുവേഫ

INFANTINO UEFA

ജിയാനി ഇൻഫാന്റീനോ

വെബ് ഡെസ്ക്

Published on Aug 27, 2026, 09:26 AM | 1 min read

ന്യോൺ: ഫിഫ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന ഭീഷണി പിൻവലിച്ചെങ്കിലും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നീക്കം തുടരുമെന്ന് യുവേഫ. ഫിഫ ഫോർവേഡ് എന്റർപ്രൈസ് (FFE) പദ്ധതി ഇനി പുനരുജ്ജീവിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയതോടെയാണ് ബഹിഷ്കരണ തീരുമാനം മാറ്റുന്നത്.


മൊണാക്കോയിൽ നടക്കുന്ന യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ബഹിഷ്കരണം ഔദ്യോഗികമായി അവസാനിപ്പിക്കും. ഇതോടെ അടുത്ത ആഴ്ച പോളണ്ടിൽ ആരംഭിക്കുന്ന അണ്ടർ-20 വനിതാ ലോകകപ്പിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, പോളണ്ട് എന്നീ ആറ് യൂറോപ്യൻ ടീമുകൾക്ക് പങ്കെടുക്കാനാകും.


അതേസമയം, മാർച്ചിലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇൻഫാന്റീനോക്കെതിരെ ഐക്യ സ്ഥാനാർഥിയെ രംഗത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവേഫ. വിജയിക്കാൻ 211 അംഗ അസോസിയേഷനിൽ 106 വോട്ടുകൾ വേണം. കോൺകകാഫ് പ്രസിഡന്റ് വിക്ടർ മൊണ്ടാഗ്ലിയാനി സാധ്യതയുള്ള സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നുണ്ട്.


ഇൻഫാന്റീനോക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം യുവേഫ ഉപേക്ഷിച്ചു. പ്രമേയം പാസാകാൻ 159 വോട്ടുകൾ ആവശ്യമുള്ളതിനാൽ അത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. നവംബർ 18 ആണ് സ്ഥാനാർഥിത്വം സമർപ്പിക്കാനുള്ള അവസാന തീയതി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home