നേപ്പാൾ മിന്നൽ പ്രളയം: 32 മലയാളികളുടെ വിവരങ്ങൾ ലഭ്യമായതായി റിപ്പോർട്ട്

Image Courtesy : PTI
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ട 32 മലയാളി തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും വിവരങ്ങൾ കേരള സർക്കാരിന് ലഭ്യമായതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ആരംഭിച്ച പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറുകൾ വഴിയാണ് ബന്ധുക്കൾ വിവരങ്ങൾ കൈമാറിയത്.
വിവരങ്ങൾ ലഭിച്ച 32 പേരിൽ 18 പേരുമായി സർക്കാർ സംസാരിച്ചു. പ്രളയമേഖലയിലെ ടെലികോം തടസ്സങ്ങൾ കാരണം ബാക്കി 14 പേരുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ദുരന്തബാധിത മേഖലയിൽ ആകെ 48 ഓളം മലയാളികൾ ഉള്ളതായാണ് വിവരം. നോർക്ക വഴി ഇതിൽ 20 പേരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുമായി ലഭ്യമായ എല്ലാ വിവരങ്ങളും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിക്ക് കൈമാറി. ബന്ധപ്പെടാൻ കഴിഞ്ഞ എല്ലാവരും സുരക്ഷിതരാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സഹായം ആവശ്യമായ മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ
പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാം.1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയ്യാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം.
തുടർന്ന് ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദേശമുണ്ട്.









0 comments