ബാലസാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് അന്തരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

മുഴപ്പിലങ്ങാട്: പ്രശസ്ത എഴുത്തുകാരനും, കലാസാംസ്കാരിക രംഗങ്ങളിലെ സജീവസാന്നിധ്യവുമായ ടി കെ ഡി മുഴപ്പിലങ്ങാട് (തൈക്കണ്ടികുന്നുമ്പ്രത്ത് ദാ മോദരൻ) അന്തരിച്ചു. 80 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം.
വെള്ളിയാഴ്ച രാവിലെ 10 വരെ മുഴപ്പിലങ്ങാട് മഠത്തിന് സമീപത്തുള്ള 'ശ്രീ സംഗീത'യിലും തുടർന്ന് കുളം ബസാറിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം പകൽ 11ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ വെച്ച് നടക്കും.
സാഹിത്യത്തിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ടി കെ ഡി ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപനായിരുന്നു. നോവൽ, ചെറുകഥ, കവിത, നാടകം, ജീവചരിത്രം, കുറ്റാന്വേഷണ കൃതികൾ, ചരിത്രം, പുരാണം, വിജ്ഞാന സാഹിത്യം, യാത്രാവിവരണം, കഥാപ്രസംഗം, ബാലസാഹിത്യം, എന്നിവയ്ക്ക് പുറമെ ടെലിഫിലിം, ടെലി സീരിയൽ തുടങ്ങി ടി കെ ഡി കൈവെയ്ക്കാത്ത മേഖലകൾ വിരളമാണ്. കേരള സാഹിത്യ അക്കാദമിയുടെ ശ്രീപത്മനാഭ സ്വാമി പുരസ്കാരം,ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അബ്രഹാം ജോസഫ് നാടക അവാർഡ്, സമഗ്ര സംഭാവനാ പുരസ്കാരം,കണ്ണൂർ നർമ്മവേദിയുടെ സഞ്ജയൻ അവാർഡ്, കേരള നാടക സംഗീത അക്കാദമി ഗുരുപൂജ അവാർഡ്, ചമ്പാടൻ വിജയൻ അവാർഡ്, തുഞ്ചത്താചാര്യ അവാർഡ്, മൗലാന അബ്ദുൾ കലാം ആസാദ് അവാർഡ്, തുളുനാട് സുവർണ്ണവല്ലി അവാർഡ്, സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് എം രാഘവൻ മാസ്റ്റർ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
തുറമുഖ വകുപ്പിൽ ജീവനക്കാരനായിരുന്ന ടി കെ ഡി പിന്നീട് റവന്യൂ വകുപ്പിൽ ജോലിലഭിച്ചെങ്കിലും തൻ്റെ മുഴുവൻ സമയവും സാഹിത്യത്തിനായി മാറ്റിവെക്കുകയായിരുന്നു. വിവിധനാടക കൂട്ടായ്മകളുടെയും, സാംസ്കാരിക സംഘടന കളുടെയുംരൂപീകരണത്തിന് നേതൃത്വംനൽകി സ്കൂൾ, കോളേജ് കലോത്സവങ്ങളിൽ സ്ഥിരം വിധികർത്താവായിരുന്നു. തലശ്ശേരി സാഹിത്യ കൂട്ടായ്മ,തലശ്ശേരി ഫിലിം സൊസൈറ്റി, കണ്ണൂർ സർഗ്ഗവേദി, മുഴപ്പിലങ്ങാട്സാംസ്കാരിക വേദി തുടങ്ങിയ കൂട്ടായ്മകളുടെ ആദ്യകാല ഭാര വാഹിയായിരുന്നു. ചെറുശ്ശേരി സാഹിത്യ വേദിയുടെ പ്രസിഡന്റായിരുന്നു. കേരളത്തിനകത്തും പുറത്തുമായി വലിയ സൗഹൃദത്തിന് ഉടമയാണ്. പരേതരായ കണ്ണച്ചാങ്കണ്ടി ശങ്കരന്റെയും,ടി കെ കല്യാണിയുടെയും മകനാണ്. ഭാര്യ: ടി പി ഉഷ. മക്കൾ: ശ്രീജിത് പ്രസാദ്, ശ്രീസംഗീത ജഗദീശൻ, ശ്രീഷിത ശൈലേഷ്.
സാഹിത്യകാരന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. ബന്ധുക്കളുടേയും ഉറ്റവരുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. നോവൽ, കഥ, കവിത, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ടികെഡി അഭിനേതാവായും ശ്രദ്ധ നേടി.









0 comments