ചാമ്പ്യൻസ് ലീഗ്; മുന്നിൽ നിന്ന ശേഷം കളി മറന്ന് സിറ്റി, ബയേണിന് ഫെയ്‌നൂർഡ് ഷോക്ക്, റയലിനും അഴ്‌സണലിനേും ജയം

റയലിനായി ഗോൾ നേടിയ വിനീഷ്യസും എംബാപ്പെയും. PHOTO: Facebook
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഏഴാം റൗണ്ട് മത്സരത്തിൽ വമ്പൻ ടീമുകൾക്ക് ജയവും തോൽവിയും. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ആർ ബി സാൽസ്‌ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തപ്പോൾ ഡൈനാമോ സാഗ്രെബിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അഴ്‌സണലിന്റെ വിജയം.
മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക് ടീമുകൾക്കാണ് ഏഴാം റൗണ്ടിൽ കാലിടറിയത്. ഡച്ച് ക്ലബ്ബ് ഫെയ്‌നൂർഡ് ബയേണിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നാണം കെടുത്തിയപ്പോൾ പിഎസ്‌ജിയോടായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്‌ജിക്കെതിരെ സിറ്റി അടിയറവ് പറഞ്ഞത്.
സാൽസ്‌ബർഗിനെതിരായ മത്സരത്തിൽ മികച്ച രീതിയിൽ തന്നെയായിരുന്നു റയൽ തുടങ്ങിയത്. ബ്രസീലിയൻ താരങ്ങളായ റോഡ്രിഗോയും വിനീഷ്യസും രണ്ട് വീതം ഗോൾ നേടിയപ്പോൾ കിലിയൻ എംബാപ്പെയുടെ വകയായിരുന്നു ഒരു ഗോൾ. 85–ാം മിനുട്ടിലായിരുന്നു സാൽസ്‌ബർഗിന്റെ ആശ്വാസ ഗോൾ. 7 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ 16-ാം സ്ഥാനത്താണ് റയൽ ഇപ്പോൾ.
പിഎസ്‌ജിക്കെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് മാഞ്ചസ്റ്റർ സിറ്റി ഏറ്റുവാങ്ങിയത്. രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തോൽവി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജാക്ക് ഗ്രീലിഷ്, എർലിങ് ഹാളണ്ട് എന്നിവരിലൂടെ സിറ്റി മുന്നിലെത്തിയെങ്കിലും രക്ഷയുണ്ടായില്ല. ഉസ്‌മാൻ ഡെംബലയിലൂടെ അക്കൗണ്ട് തുറന്ന പിഎസ്‌ജി ബ്രാഡ്‌ലി റാമോസ്, ജോയോ നവാസ്, ഗോൺസാലോ റാമോസ് എന്നിവരിലൂടെ പട്ടിക പൂർത്തിയാക്കി. സിറ്റി പോയിന്റ് പട്ടികയിൽ 26-ാമതും പിഎസ്‌ജി 22-ാമതും ആണ്.
ഫെയ്‌നൂർഡിനായി സാന്റിയാഗോ ജിംനെസ് നേടിയ ഇരട്ട ഗോളിലാണ് ബയേണിന് പ്രഹരമേറ്റത്. 89-ാം മിനുട്ടിൽ അവർ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. 7 കളിയിൽ നിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ 15-ാം സ്ഥാനത്താണ് ബയേൺ ഇപ്പോൾ.
ഡെക്ലൻ റൈസ്, മാർട്ടിൻ ഒഡേഗാർഡ്, കായ് ഹാവേർട്‌സ് എന്നിവർ നേടിയ ഗോളിലാണ് അഴ്‌സണലിന്റെ ജയം. ജയത്തോടെ അഴ്‌സണൽ പോയിന്റഎ പട്ടികയിൽ മൂന്നാമത് നിലയുറപ്പിച്ചു. ഏഴ് മത്സരങ്ങളിൽ 16 പോയിന്റാണ് ടീമിനുള്ളത്.
Related News

0 comments