വനിതകളിൽ മൂന്ന് ടീമുകൾക്ക് യോഗ്യതയുണ്ട്
print edition ഗോളടിച്ച് ഇന്ത്യൻ കൗമാരം ; അണ്ടർ 17 ആൺകുട്ടികൾ ഏഷ്യാകപ്പിന്

അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യത നേടിയ ഇന്ത്യൻ ടീം
അഹമ്മദാബാദ്
ആഭ്യന്തര സീസൺ പ്രതിസന്ധിയിലായിട്ടും സീനിയർ ടീം മോശം പ്രകടനം തുടരുന്നതിനിടയിലും ഇന്ത്യൻ ഫുട്‌ബോളിൽ കൗമാരവിപ്ലവം. ആൺകുട്ടികളുടെ അണ്ടർ 17 ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടി അമ്പരപ്പിച്ചു. മുൻ ചാമ്പ്യൻമാരും ഏഷ്യയിലെ പവർഹൗസുമായ ഇറാനെ 2–1ന് തോൽപ്പിച്ചു. അടുത്ത വർഷം സൗദി അറേബ്യയിലാണ് ടൂർണമെന്റ്. വനിതകളിൽ സീനിയർ ടീമും അണ്ടർ 20, 17 ടീമുകളും ഏഷ്യൻ കപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
അഹമ്മദാബാദിൽ നടന്ന യോഗ്യതാ റൗണ്ടിലെ അവസാന കളിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ഇത് പത്താംതവണയാണ് വൻകരാ പോരിന് എത്തുന്നത്. അവസാന മൂന്ന് പതിപ്പിലും യോഗ്യത നേടിയ ഇന്ത്യ കഴിഞ്ഞ തവണ യോഗ്യതാ റൗണ്ടിൽ പുറത്തായിരുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് തിരിച്ചുവരവ്. 2004 മുതൽ എല്ലാ ടൂർണമെന്റിലും കളിച്ച ടീമാണ് ഇറാൻ.
പരിശീലകൻ ബിബിയാനോ ഫെർണാണ്ടസിന് കീഴിൽ ഉജ്വല പ്രകടനമായിരുന്നു ഇന്ത്യയുടേത്. മികച്ച തയ്യാറെടുപ്പും നടത്തി. വിദേശത്ത് ഉൾപ്പെടെ പരിശീലന മത്സരവും കളിച്ചു.









0 comments