ad
Deshabhimani

ട്രംപ് ഭീഷണിയിട്ടു, ബലോഗന്റെ ചുവപ്പ് കാ‍ര്‍ഡ് ഫിഫ പിൻവലിച്ചു; ഫുട്ബോൾ ലോകത്ത് വിവാദങ്ങളുടെ പടയോട്ടം

4 red
വെബ് ഡെസ്ക്

Published on Jul 06, 2026, 11:54 AM | 3 min read

സിയാറ്റിൽ: ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിന് തൊട്ടുമുമ്പ് യു എസ് ടീമിന് വൻ ആശ്വാസം. ബോസ്നിയക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ തങ്ങളുടെ സ്‌ട്രൈക്കർ ഫോളാരിൻ ബലോഗൻ വഴങ്ങിയ ചുവപ്പ് കാർഡിന്റെ വിലക്ക് ഫിഫ സസ്പെൻഡ് ചെയ്തു. ഇതോടെ തിങ്കളാഴ്ച രാത്രി സിയാറ്റിലിൽ ബെൽജിയത്തിനെതിരെ നടക്കുന്ന നിർണായക പ്രീ-ക്വാർട്ടർ മത്സരത്തിൽ ബലോഗന് കളിക്കാനാകും. എന്നാൽ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ വലിയൊരു വിവാദത്തിനും ഇത് തുടക്കമിടുകയാണ്.


യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ കോളിന് പിന്നാലെ ഫിഫ എടുത്തതായി പറയുന്ന തീരുമാനം തര്‍ക്കങ്ങൾക്ക് തുടക്കമിട്ടു. കായികരംഗത്തെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുടെ ഇടപെടലിന്റെ ഗുരുതരമായ ഉദാഹരണമായി ചൂണ്ടികാട്ടി വിമര്‍ശകര്‍ ഓരോരുത്തരായി രംഗത്തെത്തി. സാധാരണഗതിയിൽ ഫുട്ബോൾ അസോസിയേഷനുകളിൽ രാഷ്ട്രീയ താത്പര്യങ്ങളോ ഭരണകൂടങ്ങളോ ഇടപെട്ടാൽ ആ രാജ്യങ്ങളെ സസ്‌പെൻഡ് ചെയ്യുന്ന കർശന നിലപാടാണ് ഫിഫ സ്വീകരിക്കുന്നത്. ഇവിടെ ഒരു ലോകകപ്പ് ടൂർണമെന്റ് നടന്നുകൊണ്ടിരിക്കെ അമേരിക്കൻ പ്രസിഡന്റിന്റെ ആവശ്യപ്രകാരം കളിക്കാരന്റെ വിലക്ക് നീക്കി. ഫുട്ബോൾ ആരാധകരിൽ ഇത് കടുത്ത ഞെട്ടലായി.


വിലക്ക് നീങ്ങിയതോടെ തിങ്കളാഴ്ച രാത്രി സിയാറ്റിലിൽ ബെൽജിയത്തിനെതിരെ നടക്കുന്ന നിർണായക പ്രീ-ക്വാർട്ടർ മത്സരത്തിൽ ബലോഗന് കളിക്കാനാകും.ഫിഫ ഡിസിപ്ലിനറി കോഡിന്റെ ആർട്ടിക്കിൾ 27 അനുസരിച്ച്, ബലോഗന് ഏർപ്പെടുത്തിയിരുന്ന ഓട്ടോമാറ്റിക് മാച്ച് സസ്‌പെൻഷൻ ഒരു വർഷത്തെ പ്രൊബേഷൻ കാലാവധിയോടെ താൽക്കാലികമായി നീട്ടിവെക്കുകയാണെന്നാണ് ഫിഫ തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുള്ളത്.


ട്രംപിന്റെ ഇടപെടലും

ഫിഫയുടെ തീരുമാനവും


ബോസ്നിയക്കെതിരായ യുഎസിന്റെ വിജയത്തിന് പിന്നാലെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് വിളിച്ച് ബലോഗന്റെ ചുവപ്പ് കാർഡ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നതായി എബിസി ന്യൂസ് സ്ഥിരീകരിക്കുന്നു. തീരുമാനം പുറത്തുവന്നതിന് പിന്നാലെ ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഫിഫയ്ക്ക് നന്ദി അറിയിക്കയും ചെയ്തു. "ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദി!" - എന്നാണ് ഡൊണാൾഡ് ട്രംപ് സോഷ്യലിൽ കുറിച്ചത്. ഇതോടെ തീരുമാനം മാറ്റിയതിലെ ഇടപെടൽ വാര്‍ത്തകൾക്ക് തെളിവ് ലഭിച്ചു.


അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. "ആ റെഡ് കാർഡ് വിധിയിലൂടെ യുഎസ് ടീം ചതിക്കപ്പെടുകയായിരുന്നു. ഇത്തരം തീരുമാനങ്ങൾക്കെതിരെ കൃത്യമായ അപ്പീൽ പ്രക്രിയ ആവശ്യമാണ്," എന്നാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുൻപാകെ ന്യായീകരിച്ചത്.


ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ മൂന്ന് തവണ ഫോൺ വിളിച്ചതായി 'ദി ഗാർഡിയൻ' ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച കളി കഴിഞ്ഞത് മുതൽ ട്രംപ് ഇതിനായി സമ്മർദം ചെലുത്തുന്നുണ്ടായിരുന്നു എന്നാണ് വാര്‍ത്ത.


ff


ഞെട്ടലോടെ ബെൽജിയവും
കളി ആരാധകരും


ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തിൽ ബെൽജിയം ഫുട്ബോൾ അസോസിയേഷൻ ശക്തമായ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി. ലഭ്യമായ എല്ലാ നിയമസാധ്യതകളും പരിശോധിക്കുകയാണെന്ന് അവർ അറിയിച്ചു. ഒരു ചുവപ്പ് കാർഡ് ലഭിച്ചാൽ അടുത്ത മത്സരത്തിൽ നിന്ന് ഓട്ടോമാറ്റിക് വിലക്ക് ലഭിക്കുമെന്ന ഫിഫ ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 66.4-നും, 2026 ലോകകപ്പ് മത്സര ചട്ടങ്ങളിലെ ആർട്ടിക്കിൾ 10.5-നും വിരുദ്ധമാണ് ഫിഫയുടെ ഇപ്പോഴത്തെ തീരുമാനമെന്ന് ബെൽജിയം ചൂണ്ടിക്കാട്ടി.


ബെൽജിയം ദേശീയ ടീമിന്റെ കോച്ച് റൂഡി ഗാർഷ്യ ഫിഫയുടെ തീരുമാനത്തെ പരസ്യമായി പരിഹസിച്ച് രംഗത്തെത്തി. "ഫിഫയുടെ ഓഫീസുകളിൽ ജൂലൈ 5 എന്നത് ഇപ്പോൾ ഏപ്രിൽ 1 (April Fool's Day) ആയി മാറിയ വിവരം ഞാൻ അറിഞ്ഞില്ല" എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.


തങ്ങൾ കേവലം ബെൽജിയം ടീമിന് വേണ്ടിയല്ല, മറിച്ച് ഫുട്ബോളിന്റെ ധാർമ്മികതയ്ക്കും സുതാര്യതയ്ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും ചരിത്രത്തിൽ ഇന്നേവരെ ലോകകപ്പിനിടെ ഇങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


യുഎസ് താരങ്ങളും ഞെട്ടി


ഹോട്ടലിൽ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് യുഎസ് താരങ്ങൾ തന്നെയും ഈ വിവരമറിയുന്നത്. തുടക്കത്തിൽ ഇത് വ്യാജ വാർത്തയാണെന്നാണ് കരുതിയതെന്ന് യുഎസ് താരം ക്രിസ് റിച്ചാർഡ്സ് പ്രതികരിക്കയുണ്ടായി. "ഞങ്ങളിൽ പലരും വിചാരിച്ചത് ഇത് എഐ നിർമ്മിത വാർത്തയാണെന്നാണ്. സത്യമാണോ എന്ന് ഉറപ്പില്ലായിരുന്നു," എന്നും റിച്ചാർഡ്സ് ആശ്ചര്യം പരസ്യമാക്കി.


വിഎആർ സ്ലോ മോഷൻ ദൃശ്യങ്ങൾ നോക്കി എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ തിരുത്താൻ അവസരമുണ്ടാകുന്നത് ഫുട്ബോളിന് നല്ലതാണ്." എന്നാണ് യുഎസ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ വിഷയത്തിൽ പ്രതികരിച്ചത്.


red

ബുധനാഴ്ച നടന്ന മത്സരത്തിന്റെ 45-ാം മിനിറ്റിൽ ബലോഗൻ യു എസിനായി ആദ്യ ഗോൾ നേടിയിരുന്നു. എന്നാൽ 64-ാം മിനിറ്റിൽ ബോസ്നിയൻ താരം താരിക് മുഹാരെമോവിച്ചുമായുള്ള പോരാട്ടത്തിനിടെ ഫൗൾ ചെയ്തതിനാണ് ബലോഗന് റെഡ് കാർഡ് ലഭിച്ചത്. 2002-ന് ശേഷം ആദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടക്കുക എന്ന പ്രതീക്ഷയോടെയാണ് യുഎസ് തിങ്കളാഴ്ച ബെൽജിയത്തെ നേരിടുന്നത്.


രാഷ്ട്രീയ ഇടപെടൽ ആദ്യം


ഇതിനുമുമ്പും പോര്‍ച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീന താരം നിക്കോളാസ് ഒട്ടാമെൻഡി, ഇക്വഡോർ താരം മോയ്‌സസ് കായ്‌സെഡോ എന്നിവരുടെ വിലക്കുകൾ ഫിഫ ഇത്തരത്തിൽ പ്രൊബേഷൻ വ്യവസ്ഥയിൽ ഒഴിവാക്കി നൽകിയിട്ടുണ്ട് എന്നാണ് യുഎസ് ടീമിന്റെ ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. 1962 ലോകകപ്പിൽ ബ്രസീലിന്റെ ഗാരിഞ്ചയ്ക്കും സമാനമായ രീതിയിൽ കളിക്കാൻ അനുമതി ലഭിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 189 റെഡ് കാർഡുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിലെ ഇളവുകൾ ഏതെങ്കിലും ഒരു രാജ്യത്തെ പ്രസിഡന്റിന്റെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഇടപെടലിലൂടെ ആയിരുന്നില്ല എന്ന് വിമര്‍ശകര്‍ ചൂണ്ടി കാട്ടുന്നു.


പ്രശസ്ത ഫുട്ബോൾ പണ്ഡിറ്റും മുൻ ഇംഗ്ലണ്ട് താരവുമായ ഗാരി നെവിൽ ഫിഫയുടെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. "ഇത് നാറുന്ന ഏർപ്പാടാണ്" (It stinks) എന്നാണ് സ്കൈ സ്പോർട്സിൽ സംസാരിക്കവെ അദ്ദേഹം വിശേഷിപ്പിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home