അഭിമന്യു വധക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു

അഭിമന്യു (ഫയൽ ചിത്രം)
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ജില്ലാ സെഷൻസ് കോടതിയിൽ പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. 16 പ്രതികളാണ് കോടതിയിൽ നേരിട്ട് ഹാജരായത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും പ്രതികൾ നിഷേധിച്ചു.
ജൂലൈ 24ന് കേസ് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തിയ ആളുകളുടെ വിവരങ്ങളും തെളിവുകളും കോടതിയിൽ അന്നേദിവസം ഹാജരാക്കും. തുടർന്ന് കേസിലെ വിചാരണ എന്ന് തുടങ്ങണമെന്ന് കോടതി തീരുമാനിക്കും.
നേരത്തെ ആറുപ്രതികളുടെ വിടുതൽ ഹർജികൾ കോടതി തള്ളിയിരുന്നു. കുറ്റപത്രം തിരിച്ചയക്കണമെന്ന ഒന്നാംപ്രതി മുഹമ്മദിന്റെ ഹർജിയും നിരാകരിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ് കേസ് പരിഗണിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. 16 പ്രതികളും അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരെ 2018 സെപ്തംബർ 26-നാണ് കുറ്റപത്രം സമർപ്പിച്ചത്.











0 comments