ad
Deshabhimani

എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ്; ക്രൂഡ് വിലയിൽ ഇടിവ്

Crude Oil Price Slashes

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 06, 2026, 01:32 PM | 2 min read

ലണ്ടൻ : ഓഗസ്റ്റ് മാസം മുതൽ എണ്ണ ഉൽപാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള പ്രധാന ഉൽപാദക രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി വീണ്ടും സജീവമാകുന്നതും ആഗോള വിപണിയിൽ എണ്ണലഭ്യത കൂടാൻ കാരണമായേക്കും.


വെള്ളിയാഴ്ച 0.45 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് തിങ്കളാഴ്ച 0.33 ശതമാനം ഇടിഞ്ഞ് ബാരലിന് 71.88 ഡോളർ എന്ന നിരക്കിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 1 0.16 ശതമാനം കുറഞ്ഞ് ബാരലിന് 68.58 ഡോളറായി. ശനിയാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ച് വെള്ളിയാഴ്ച യുഎസ് വിപണികൾ അടഞ്ഞുകിടന്നതിനാൽ അന്ന് ഡബ്ല്യുറ്റിഐ വിലയിൽ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല.


ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന ചർച്ചകളെയും ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണക്കയറ്റുമതി വീണ്ടെടുക്കുന്നതിനെയും നിക്ഷേപകർ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.


ജൂൺ, ജൂലൈ മാസങ്ങളിലെ വർധനവിന് പുറമെ ഓഗസ്റ്റ് മുതൽ പ്രതിദിനം 1,88,000 ബാരൽ എണ്ണ കൂടി അധികമായി ഉൽപാദിപ്പിക്കാൻ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യ ഉൾപ്പെടെയുള്ള അവരുടെ സഖ്യകക്ഷികളും (ഒപെക് പ്ലസ്) ഞായറാഴ്ച ധാരണയിലെത്തിയിട്ടുണ്ട്.


ഇറാനുമായി യുഎസും ഇസ്രയേലും നടത്തുന്ന യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് അടഞ്ഞുപോയതിനാൽ സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ് തുടങ്ങിയ പ്രധാന ഒപെക് രാജ്യങ്ങളുടെ എണ്ണ വിതരണം നിലവിൽ രേഖകളിൽ മാത്രമായി ഒതുങ്ങിനിൽക്കുകയാണ്. യുഎഇ മെയ് ഒന്നിന് ഒപെക് കൂട്ടായ്മയിൽ നിന്ന് പുറത്തുപോയിരുന്നു. യുദ്ധത്തിന് ശേഷം ഉൽപാദനം പൂർണതോതിൽ പുനഃസ്ഥാപിക്കാത്തതിനാൽ നിശ്ചിത ക്വാട്ടകൾ ഇപ്പോഴും കൈവരിക്കാൻ കഴിയാത്ത സാഹചര്യവും ഒപെക് പ്ലസ് നേരിടുന്നുണ്ട്.


യുദ്ധസമയത്ത് തടസപ്പെട്ട എണ്ണ വിതരണം ഗൾഫ് രാജ്യങ്ങൾ പുനരാരംഭിക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജൂൺ മാസത്തിലെ ഒപെക്കിന്റെ എണ്ണ ഉൽപാദനം മുൻ മാസത്തെ അപേക്ഷിച്ച് പ്രതിദിനം 3.3 ദശലക്ഷം ബാരൽ വർധിച്ച് 19.43 ദശലക്ഷം ബാരലിലെത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്നാണ് ഈ തിരിച്ചുവരവ് ഉണ്ടായിരിക്കുന്നത്. മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഗൾഫ് എണ്ണക്കയറ്റുമതി 3 ദശലക്ഷം ബാരലിലധികം വർധിച്ച് പ്രതിദിനം 10 ദശലക്ഷം ബാരൽ കടന്നു. എങ്കിലും ഈ അളവ് യുദ്ധത്തിന് മുൻപുള്ള നിരക്കിനേക്കാൾ 40 ശതമാനത്തേക്കാൾ കുറവാണ്.


ഇതിനുപുറമെ യുക്രെയ്ന്റെ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ക്രൂഡ് ഓയിൽ നേരിട്ട് കയറ്റി അയക്കാൻ റഷ്യ നിർബന്ധിതരായിരിക്കുകയാണ്. ഇതേത്തുടർന്ന് ജൂൺ മാസത്തിൽ റഷ്യയുടെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി റെക്കോർഡ് ഉയരത്തിലെത്തിയതായും ജൂലൈയിലും ഇതേ നിരക്ക് തുടരുമെന്നും വ്യവസായ മേഖലയിലുള്ളവർ സൂചിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home