ad
Deshabhimani

വിവാഹശേഷവും പീഡനം തുടർന്നു; 17കാരിയുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത രണ്ടാനച്ഛൻ മരിച്ചു

RAPE
വെബ് ഡെസ്ക്

Published on Jul 06, 2026, 01:40 PM | 1 min read

ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത വളർത്തുമകളെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. 36കാരനായ പ്രദീപ് എന്നയാളാണ് ആരോ​ഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


തന്റെ രണ്ടാനച്ഛൻ കഴിഞ്ഞ മൂന്ന് വർഷമായി പീഡിപ്പിക്കുകയാണെന്ന് കാണിച്ച് പതിനേഴുകാരിയായ പെൺകുട്ടിയാണ് പൊലീസിൽ പരാതി നൽകിയത്. ഈ വർഷം ഏപ്രിലിൽ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിട്ടും പ്രതി പീഡനം തുടരുകയും, എതിർത്താൽ വിവരങ്ങൾ ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.


പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് പ്രദീപെന്നയാളെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നാൽ രാത്രിയോടെ ഇയാൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. തുടർന്ന് ഉടൻ തന്നെ പ്രാദേശിക സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.


പ്രതിക്ക് കടുത്ത രക്തസമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ആശുപത്രിയിൽ എത്തിക്കുമ്പോൾ ബോധരഹിതനാകുന്ന അവസ്ഥയിലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് ഷാജഹാൻപൂർ എസ്പി സൗരഭ് ദീക്ഷിത് അറിയിച്ചു. സംഭവത്തിൽ പൊലീസുകാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം എങ്ങനെ നടത്തി എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home