ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതയിൽ ഇന്ന് ഹോങ്കോങിനോട്
print edition കൊച്ചിയിൽ ഇന്ത്യൻ പോര്

ഇന്ത്യൻ ഫുട്ബോൾ ടീം കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പരിശീലനത്തിൽ/ ഫോട്ടോ: സുനോജ് നെെനാൻ മാത്യു
അജിൻ ജി രാജ്
Published on Mar 31, 2026, 12:00 AM | 2 min read
കൊച്ചി : ഒരു പതിറ്റാണ്ടിന്റെ ഇടവേള മായുന്നു. പത്തുവർഷത്തിനുശേഷം ഇന്ത്യൻ ഫുട്ബോൾ ടീം കൊച്ചിയിൽ പന്തുതട്ടുന്നു. ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ന് ഹോങ്കോങ്ങാണ് എതിരാളി. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. ഫാൻകോഡിൽ തത്സമയം കാണാം.
2016 മാർച്ചിലാണ് അവസാനമായി കേരളം ദേശീയ ടീമിന്റെ പോരാട്ടത്തിന് വേദിയായത്. അന്ന് കൊച്ചിയിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുർക്‌മെനിസ്ഥാനോട് 2–1ന് തോറ്റു. ഇത്തവണ ഏഷ്യൻ യോഗ്യത കാണാതെ നേരത്തെ പുറത്തായ ടീമിന് അവസാന റൗണ്ട് മത്സരമാണ്. അഞ്ച് കളിയിൽ മൂന്ന് തോൽവിയും രണ്ട് സമനിലയുമായി രണ്ട് പോയിന്റോടെ നാലാംസ്ഥാനത്താണ്. ജയത്തോടെ അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഹോങ്കോങ്ങും പുറത്തായ ടീമാണ്.
മുഖ്യകോച്ച് ഖാലിദ് ജമീലിന് കീഴിൽ 23 അംഗ സംഘമാണ് ഇന്ത്യക്ക്. പരിചയസമ്പന്നരായ പ്രധാന താരങ്ങളെല്ലാമുണ്ട്. ഗോൾകീപ്പർ ഗുർപ്രീത്‌സിങ് സന്ധു, പ്രതിരോധക്കാരായ സന്ദേശ് ജിങ്കൻ, രാഹുൽ ബെക്കെ എന്നിവരാണ് പ്രധാന താരങ്ങൾ. മലയാളി സാന്നിധ്യമായി സഹൽ അബ്‌ദുൾ സമദും ആഷിഖ് കുരുണിയനും ബിജോയ് വർഗീസുമുണ്ട്.
മുന്നേറ്റനിരയിൽ ഓസ്‌ട്രേലിയ വിട്ട് ഇന്ത്യയിലേക്ക് കൂടുമാറിയ റ്യാൻ വില്യംസ് അരങ്ങേറും. ഇന്ത്യൻ വംശജനായ മുപ്പത്തിരണ്ടുകാരൻ ഐഎസ്‌എല്ലിൽ ബംഗളൂരു എഫ്‌സിക്കായാണ് കളിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ 140–ാം സ്ഥാനത്താണ് ഇന്ത്യ.
151–ാം റാങ്കുകാരായ ഹോങ്കോങ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നേരത്തെ ഏറ്റുമുട്ടിയപ്പോൾ ഒറ്റ ഗോളിന് ജയിച്ചതിന്റെ വീറിലാണവർ. സ്‌പാനിഷുകാരൻ റോബർട്ടോ ലൊസാഡോയാണ് കോച്ച്. സൺ മിങ് ഹിം, എവർട്ടൺ കമാഗ്രോ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഇരുടീമുകളും 17 പ്രാവശ്യം ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ എട്ട് തവണ ജയിച്ചു.
‘മലയാളി ഉൗർജം’
കൊച്ചി: പത്ത് മലയാളികളാണ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ഭാഗമായി കൊച്ചിയിലുള്ളത്. സഹൽ അബ്‌ദുൾ സമദ്, ആഷിഖ് കുരുണിയൻ, ബിജോയ് വർഗീസ് എന്നീ താരങ്ങൾക്ക് പുറമെ പരിശീലകസംഘത്തിൽ ഏഴ് പേരുണ്ട്. സഹപരിശീലകൻ ടി എ രഞ്ജിത്, ഗോൾകീപ്പർ കോച്ച് ഫിറോസ് ഷരീഫ് എന്നിവരാണ് പ്രധാനികൾ. ടീം ഡോക്ടർ ഷെർവിൻ ഷെരീഫും ഫിസിയോ ജിജി ജോർജും അനലിസ്റ്റ് വിഘ്‌നേഷും മലയാളികളാണ്. ഒഫീഷ്യൽസായി സന്തോഷും ദീപകും സംഘത്തിലുണ്ട്.










0 comments