print edition കൊമ്പൻമാർ സെമിയിൽ; സൂപ്പർ ലീഗിൽ നിലവിലെ ജേതാക്കളായ കണ്ണൂർ പുറത്ത്

തൃശൂർ കോർപറേഷൻ സ്--റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക് എഫ്സിയെ തോൽപ്പിച്ച് സെമിയിൽ കടന്ന തിരുവനന്തപുരം കൊമ്പൻസ് ടീമിന്റെ വിജയ സെൽഫി
കെ എ നിധിൻ നാഥ്
Published on Nov 28, 2026, 12:12 AM | 1 min read
തൃശൂർ: നിർണായക പോരിൽ തൃശൂർ മാജിക് എഫ്‌സിയെ മൂന്ന് ഗോളിന് തകർത്ത് തിരുവനന്തപുരം കൊന്പൻസ് സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന്റെ സെമിയിൽ കടന്നു. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ തിരുവനന്തപുരത്തിന് മുന്നിൽ തൃശൂരിന് പിടിച്ചുനിൽക്കാനായില്ല. ഇതോടെ തൃശൂരിനൊപ്പം നിലവിലെ ചാന്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സും സെമി കാണാതെ പുറത്തായി.
14 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് തിരുവനന്തപുരം കടന്നത്. കണ്ണൂർ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴ് പോയിന്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്താണ് പൂർത്തിയാക്കിയത്. സെമിയിൽ തിരുവനന്തപുരത്തിന് കാലിക്കറ്റ് എഫ്‌സിയാണ് എതിരാളികൾ.
സീസണിലെ അവസാന ലീഗ് മത്സരം ഏകപക്ഷീയമായിരുന്നു. തൃശൂർ പൊരുതാതെയാണ് കീഴടങ്ങിയത്. തൃശൂരിന്റെ തട്ടകത്തിൽ കെ ശ്രീരാജ്, പാട്രിക് മോട്ട, ഷെയ്‌ൻ സാജൻ എന്നിവർ തിരുവനന്തപുരത്തിനായി ഗോളടിച്ചു.
നാലാം മിനിറ്റിൽ മധ്യ നിര താരം ആദിൽ തൊടുത്ത ലോങ് റേഞ്ചർ തൃശൂർ ഗോൾ മുഖത്തെ വിറപ്പിച്ചു. തുടർച്ചയായി നടത്തിയ ആക്രമണത്തിന് പത്താം മിനിറ്റിൽ --ഫലം കിട്ടി. തൃശൂരിന്റെ ഗോൾകീപ്പർ കമാലുദ്ദീനെ നിഷ്‌പ്രഭമാക്കി ശ്രീരാജിന്റെ അടി വലയിൽ. അടുത്ത ഗോളും ആദ്യപകുതി അവസാനിക്കുന്നതിന് മുന്പെത്തി. പതിനഞ്ചാം മിനിറ്റിൽ ബ്രസീലുകാരൻ മോട്ടയുടെ തകർപ്പനടി തൃശൂരിന്റെ വല തകർത്തു. തൃശൂർ പ്രതിരോധം നിരന്തരം പരീക്ഷിക്കപ്പെട്ടു. ഗോൾകീപ്പർ കമാലുദ്ദീനാണ് തൃശൂരിനെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്ന് കാത്തത്.
ആദ്യ പകുതിയുടെ പരിക്ക് സമയത്ത് മാത്രമാണ് തൃശൂർ ഉണർന്നുകളിച്ചത്. പക്ഷേ, അവസരങ്ങൾ മുതലെടുക്കാനായില്ല.
ഇടവേളയ്‌ക്കുശേഷം തിരുവനന്തപുരം ആക്രമണത്തിന് മൂർച്ച കൂട്ടി. 55–ാം മിനിറ്റിൽ മൂന്നാം ഗോളുമെത്തി. അർജുൻ എടുത്ത ഫ്രീകിക്കിൽ തലവച്ച പ്രതിരോധ താരം ഷെയിൻ സാജൻ ലക്ഷ്യം കണ്ടു. പത്ത് കളിയിൽ 23 പോയിന്റുമായി കാലിക്കറ്റാണ് ഒന്നാമത്. 18 പോയിന്റുള്ള മലപ്പുറം എഫ്‌സി രണ്ടാമതും 16 പോയിന്റോടെ ഫോഴ്‌സ കൊച്ചി മൂന്നാമതുമായി.









0 comments