Deshabhimani

ഫെർഗിക്ക്‌ പകരക്കാരനെത്താത്തത് മാത്രമോ പ്രശ്‌നം; മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‌ പിഴച്ചതെവിടെ

Alex Ferguson Mauricio Pochettino

അലക്‌സ്‌ ഫെർഗൂസൻ, മ‍ൗറിസ്യോ പൊച്ചറ്റിനോ

വെബ് ഡെസ്ക്

Published on Nov 11, 2026, 07:57 PM | 2 min read

ലണ്ടൻ: ഇതിഹാസ പരിശീലകൻ അലക്‌സ്‌ ഫെർഗൂസന്‌ പകരക്കാരനെ തേടിയുള്ള മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ അന്വേഷണം ഇതുവരെ അവസാനിച്ചിട്ടില്ല. ഡേവിഡ്‌ മോയയിൽ തുടങ്ങിയ പരീക്ഷണം ഇപ്പോൾ മ‍ൗറിസ്യോ പൊച്ചറ്റിനോയിൽ എത്തിനിൽക്കുന്നു. ഇതിനിടയിൽ ഹെസെ മൊറീന്യോയെ പോലുള്ള പ്രമുഖർ എത്തിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള യുണൈറ്റഡിന്റെ പിന്നോട്ടുപോക്കിനു പരിശീലകർ മാത്രമാണോ കുറ്റക്കാർ. അങ്ങനെ അല്ലെന്നു വേണം കരുതാൻ. യുണൈറ്റഡിന്റെ പതനത്തിന്‌ കാരണങ്ങൾ പലതുണ്ടെന്ന്‌ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇ‍ൗ ടീമിനെ പിന്തുടരുന്നവർക്ക്‌ അറിയാം. പ്രധാനമായും ടീം മാനേജ്‌മെന്റിന്റെ ദീർഘവീക്ഷണമില്ലായ്‌മയും കൃത്യമായ ആസൂത്രണത്തിന്റെയും തീരുമാനങ്ങളുടെയും അഭാവവുമാണ്‌ തിരിച്ചടിക്കു പിന്നിൽ. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ടീമിന്റെ ഉടമസ്ഥാവകാശം കൈവശംവെച്ച ഗ്ലേസിയർ കുടുംബത്തിനോ, റാറ്റ്‌ക്ലിഫിനോ ടീമിനെ നേർവഴിക്കു നടത്താൻ പറ്റിയ സംഘത്തെ കണ്ടെത്താനായില്ല. അതു ടീമിന്റെ ഐഡന്റിറ്റി നഷ്‌ടപ്പെടുത്തി.


ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ കളിശൈലി ഏറെ കടുപ്പമുള്ളതാണ്‌. അതിന്‌ അനുയോജ്യരായ പരിശീലകരെ കണ്ടെത്തി നിയമിക്കുന്നതിൽ മാനേജ്‌മെന്റിന്‌ വീഴ്‌ചയുണ്ടായി. പലതവണയായി വന്ന പരിശീലകർ ടീമിന്റെയും ലീഗിന്റെയും ശൈലിയുമായി ഒത്തിണങ്ങിയില്ല. പല ശൈലിയുള്ള പരിശീലകരെ നിരന്തരം മാറ്റി പരീക്ഷിച്ചത്‌ ടീമിനെ ശൈലീപരമായി ദുരവസ്ഥയിലാക്കുകയും ചെയ്‌തു. ഫെർഗൂസന് ശേഷം വന്ന ഡേവിഡ് മോയെ, വാൻ ഹാൽ, മൊറീന്യോ, ഒലെ ഗുണാർ സോൾഷ്യർ, എറിക് ടെൻ ഹാഗ്, മൈക്കൽ കാരിക്ക് തുടങ്ങിയവർക്ക് വ്യത്യസ്ത തന്ത്രങ്ങളായിരുന്നു. ഹൈപ്രസിങ്ങ്‌ ഇഷ്‌ടപ്പെടുന്ന കാരിക്കിന്റെ ശൈലിയിൽ നിർലോഭം ഗോൾ വഴങ്ങിയതാണ്‌ തിരിച്ചടിയായത്‌. ബ്രൂണോ ഫെർണാണ്ടസിനെ അമിതമായി ആശ്രയിക്കുന്നത്‌ ഹൈപ്രസിങ് ശൈലിയുടെ വേഗം കുറച്ചു. അതിനാൽ, നല്ല പ്രതിരോധമുള്ള എതിരാളികൾക്കെതിരെ തപ്പിത്തടഞ്ഞു.


കളിക്കാരെ തെരഞ്ഞെടുക്കുന്നതിൽ പറ്റിയ അബദ്ധങ്ങൾ വലിയ തിരിച്ചടിയാണ്‌ നൽകിയത്‌. ബ്രസീൽ താരം ആന്റണി, ജേഡൻ സാഞ്ചോ തുടങ്ങിയവർ ഉദാഹരണമാണ്‌. ഏതു പൊസിഷനിൽ ഏതു താരം വേണമെന്ന്‌ കൃത്യമായി മനസിലാക്കാതെയുള്ള സൈനിംഗുകൾ ഇപ്പോഴും ടീമിന്‌ ബാധ്യതയായി തുടരുന്നു. ഇ‍ൗ വകയിൽ വലിയ തുകയാണ്‌ പാഴായത്‌. സ്വന്തം അക്കാദമിയിൽ മികച്ച താരങ്ങളെ രൂപപ്പെടുത്തുന്നതിൽ മാനേജ്‌മെന്റ്‌ വലിയ ശ്രദ്ധ കാണിച്ചില്ല. പോൾ ഷോൾസ്‌, ഡേവിഡ്‌ ബെക്കാം, മൈക്കൽ കാരിക്ക്‌‍, റ്യാൻ ഗിഗ്‌സ്‌, നെവിൽ സഹോദരന്മാർ തുടങ്ങിയവർ മുൻകാലത്തെ അക്കാദമി മികവിന്റെ ഉദാഹരണങ്ങളായിരുന്നു. എറിക്‌ കന്റോണ, റൊണാൾഡോ തുടങ്ങിയ വിദേശതാരങ്ങൾ ഇവർക്കൊപ്പം ചേർന്നപ്പോൾ ടീം അത്‌ഭുതങ്ങൾ കാണിച്ചു.


അടുത്തകാലത്തായി കളിക്കാരുടെ കളത്തിലെ സമീപനത്തിൽ വേണ്ടത്ര ശ‍ൗര്യം കാണാനില്ലായിരുന്നു. പരിശീലകർ മാറിമാറി വന്നിട്ടും ഇക്കാര്യത്തിൽ ടീം ഏറെ താഴോട്ടുപോയി. ടീമിനോടുള്ള പ്രതിബദ്ധതയേക്കാൾ സ്വന്തം സോഷ്യൽ മീഡിയ ബ്രാൻഡിങ്ങിനും വൻ കരാറുകൾക്കും പ്രാധാന്യം നൽകുന്ന ഒരു രീതി ടീമിൽ വ്യാപകമായി. ആകെയുള്ള അനാസ്ഥകൾ കളിക്കാരിലേക്കും പടർന്നു. മാനേജ്‌മെന്റിന്‌ നിയന്ത്രണമില്ലാത്തതിനാൽ സംഭവിച്ച അപചയമാണിത്‌. ഗ്ലേസർ കുടുംബം 2005-ൽ ക്ലബ്ബ് വാങ്ങിയ ശേഷം വൻ തുകയാണ് ക്ലബ്ബിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. ബിസിനസ്‌ ലാഭത്തിന് മുൻഗണന നൽകിയ അവർ പലപ്പോഴും ഫുട്‌ബോളിനെ മറന്നു. ആരാധകരുടെ വാക്കുകൾക്ക്‌ പഴയപോലെ വിലകൽപ്പിക്കാതായി. റാറ്റ്‌ക്ലിഫ്‌ ഉടമസ്ഥ സ്ഥാനത്തു വന്നിട്ടും ഇ‍ൗ സമീപനങ്ങളിൽ മാറ്റമുണ്ടായില്ല. അതിന്റെ ഭവിഷ്യത്താണ്‌ ലോകമെങ്ങും വലിയ ആരാധകവൃന്ദമുള്ള ടീം ഇന്നനുഭവിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home