print edition ഒരേയൊരു റോണോ

image: fifa.com
ഹൂസ്റ്റൺ: ക്രിസ്‌റ്റ്യാനോ റൊണാൾഡോ ജ്വലിച്ചു. ഇരട്ട ഗോളുമായി വെട്ടിത്തിളങ്ങിയ ‘റോണോ’ തുടർച്ചയായി ആറ് ലോകകപ്പിലും ഗോളടിച്ച ആദ്യ കളിക്കാരനായി. നവാഗതരായ ഉസ്‌ബെക്കിസ്ഥാനെതിരെ അഞ്ച് ഗോൾ ജയത്തോടെ പോർച്ചുഗൽ നോക്കൗട്ടിനരികെയത്തി.
സൂപ്പർ താരങ്ങളായ ലയണൽ മെസിയും കിലിയൻ എംബാപ്പെയും എർലിങ് ഹാലണ്ടും ഇരട്ട ഗോളുമായി മിന്നിയപ്പോൾ അർജന്റീന, ഫ്രാൻസ്, നോർവെ ടീമുകൾ നോക്കൗട്ടിലേക്ക് മുന്നേറി. ഓസ്‌ട്രിയയെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് അർജന്റീനയുടെ മുന്നേറ്റം. മെസിക്ക് രണ്ട് കളിയിൽ അഞ്ച് ഗോളായി. മുപ്പത്തൊന്പതുകാരൻ 18 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ മികച്ച ഗോൾവേട്ടക്കാരനുമായി. എംബാപ്പെയും വിട്ടുകൊടുത്തില്ല. മൂന്നാം ലോകകപ്പ് കളിക്കുന്ന ഇരുപത്തേഴുകാരൻ ഇറാഖിനെതിരെ ഫ്രാൻസിനായി രണ്ട് ഗോളടിച്ചു. രണ്ട് കളിയിൽ നാല് ഗോൾ. ലോകകപ്പിലാകെ 16 കളിയിൽ 16 ഗോളുമായി മെസിക്ക് തൊട്ടുപിന്നിലെത്തി. ഇറാഖിനെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ഫ്രാൻസിന്റെ മുന്നേറ്റം.
സെനെഗലിനെതിരെ 3–2ന് നോർവെ ജയം സ്വന്തമാക്കിയപ്പോൾ രണ്ട് ഗോൾ ഹാലണ്ടിന്റെ വകയായിരുന്നു. രണ്ട് കളിയിൽ നാല് ഗോളാണ് ഇരുപത്തഞ്ചുകാരന്. ജോർദാനെ 2–1ന് തോൽപ്പിച്ച് അൾജീരിയ ആദ്യ ജയം സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനറൗണ്ട് മത്സരങ്ങൾ ബുധനാഴ്‌ച തുടങ്ങും. ബ്രസീൽ വ്യാഴം പുലർച്ചെ 3.30ന് സ്‌കോട്‌ലൻഡിനെ നേരിടും.









0 comments