മലയാളി താരം തമീന ഫാത്തിമ അണ്ടർ 17 ഇന്ത്യൻ ടീമിൽ
ഇന്ത്യൻ വല കാക്കാൻ ‘കൊച്ചി ഗേൾ’


ജെയ്സൻ ഫ്രാൻസിസ്
Published on Oct 07, 2025, 12:15 AM | 1 min read
കൊച്ചി
‘അലറിക്കരഞ്ഞാണ് അന്ന് ഇന്ത്യൻ ക്യാന്പ് വിട്ടത്. ടീമിൽ ഇടംകിട്ടാതിരുന്നതോടെ എല്ലാം കഴിഞ്ഞെന്ന് കരുതി. കഠിനാധ്വാനം ചെയ്‌തു. ക്രിസ്‌റ്റ്യാനോ റൊണാൾഡോയായിരുന്നു പ്രചോദനം. പരിശ്രമം ഇപ്പോൾ ഫലം കണ്ടു. വളരെ സന്തോഷം’– തമീന ഫാത്തിമയുടെ വാക്കുകളിൽ ബാറിനുകീഴിൽ തകർപ്പൻ രക്ഷപ്പെടുത്തലുകൾ നടത്തുന്പോഴുള്ള ആഹ്ലാദം.
അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പറാണ് തമീന. ടീമിലെ ഏക മലയാളി. എറണാകുളം മട്ടാഞ്ചേരിയാണ് സ്വദേശം. പത്തുവർഷമായി കലൂരിനടുത്ത് കറുകപ്പള്ളിയിൽ താമസിക്കുന്നു.
‘കഴിഞ്ഞ വർഷം സാഫ് ചാന്പ്യൻഷിപ്പിനുള്ള ക്യാന്പിലേക്ക് വിളിവന്നിരുന്നു. വളരെ പ്രതീക്ഷയുണ്ടായി. എന്നാൽ ടീമിൽ ഇടം പിടിച്ചില്ല. ഇപ്പോൾ സങ്കടം മാറി. അതിനേക്കാൾ വലുത് കിട്ടി’– തമീന പറഞ്ഞു.
ചേട്ടൻ തൻവീർ കളിക്കാൻ പോകുന്പോൾ ഒപ്പം കൂടുമായിരുന്നു. ചേട്ടന്റെയും കൂട്ടുകാരുടെയും കളി കണ്ട് ഫുട്‌ബോൾ ഇഷ്ടമായി. അതുകണ്ട് ഉമ്മ സിനി അടുത്തുള്ള അക്കാദമിയിൽ ചേർത്തു. അധികകാലം തുടർന്നില്ല. വീട് മാറേണ്ടി വന്നു. ടർഫിനടുത്തായി പുതിയ താമസം. അവിടെ ചെന്നിരിക്കുന്നതും കളി കാണുന്നതും ലോർഡ്‌സ് ക്ലബ് ഉടമ ഡെറിക്കിന്റെ ശ്രദ്ധയിൽപ്പെട്ടു. കളിക്കാനിറങ്ങാൻ പറഞ്ഞു. ഗോൾ കീപ്പറാകാനായിരുന്നു ആഗ്രഹം. എല്ലാവരും ഗോളടിക്കാരും പ്രതിരോധക്കാരുമാകാൻ കൊതിക്കുന്പോൾ മാറി ചിന്തിച്ചു. ജില്ലാ, സംസ്ഥാന ടീമുകളിൽ ഇടംനേടി. വീഡിയോ കണ്ടാണ് ഗോൾ കീപ്പിങ് പഠിച്ചത്.
ജർമനിയുടെ മാനുവൽ നോയെയും സ്‌പെയ്‌നിന്റെ ഇകർ കസിയസുമാണ് ഇഷ്ട ഗോൾകീപ്പർമാർ. ചാന്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനം കാഴ്‌ചവയ്ക്കണം. മികച്ച കളിക്കാരിയാകണം’–എറണാകുളം എസ്‌ആർവി സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർഥിയായ തമീനയുടെ സ്വപ്‌നങ്ങൾ.
പതിമൂന്ന് മുതൽ 17വരെ കിർഗിസ് റിപ്പബ്ലിക്കിലെ ബിഷെക്കിലാണ് യോഗ്യതാ മത്സരങ്ങൾ. ഗ്രൂപ്പ് ജിയിൽ കിർഗിസിനെതിരെ 13നാണ് ആദ്യ കളി. 17ന് ഉസ്‌ബെക്കിസ്ഥാനെ നേരിടും. മൂന്ന് ടീമുകളുള്ള ഗ്രൂപ്പിലെ ജേതാക്കൾ അടുത്ത വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കളിക്കും. ജൊയാക്കിം അലെക്‌സാണ്ടേഴ്‌സൺ ആണ് 23 അംഗ ടീമിന്റെ പരിശീലകൻ.









0 comments