സൂപ്പർ ലീഗ് കേരള ഫുട്ബോൾ
print edition തൃശൂർ മിന്നിക്കയറി

കെ എ നിധിൻ നാഥ്
Published on Nov 15, 2025, 02:10 AM | 1 min read
തൃശൂർ
സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യമായി പന്ത് തട്ടിയ തൃശൂർ മാജിക്ക് എഫ്‌സിക്ക് മിന്നും ജയം. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ തോൽവിയറിയാതെ മുന്നേറിയ മലപ്പുറത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി. ജയത്തോടെ 13 പോയിന്റുമായി ഒന്നാമതെത്തി. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിൽ ബൂട്ട് കെട്ടിയ തൃശൂർ നാലാം മിനിറ്റിൽ ഗോളടിച്ചു.
ബിബിൻ അജയൻ അളന്ന് മുറിച്ച് നൽകിയ പാസ് ഉഗ്രനൊരു വോളിയിലൂടെ ഇവാർ മാർക്കോവിച്ച് ഗോളാക്കി. എന്നാൽ രണ്ട് മിനിറ്റ് തികയും മുമ്പെ ജോൺ കെന്നഡിയിലൂടെ മലപ്പുറം തിരിച്ചടിച്ചു. പിന്നീട് കളി മലപ്പുറത്തിന്റെ നിയന്ത്രണത്തിലായി. 27–ാം മിനിറ്റിൽ ഫയാസിന്റെ ഹെഡറിലൂടെ തൃശൂർ ലീഡ് തിരിച്ച് പിടിച്ചു. ആ ഗോളിനും വഴിയൊരുക്കിയത് ബിബിനാണ്.
റോയ് കൃഷ്ണയും ജോൺ കെന്നഡിയും നേതൃത്വം നൽകിയ മലപ്പുറത്തിന്റെ മുന്നേറ്റനിര നിരന്തരം ഗോളിലേക്ക് ലക്ഷ്യംവെച്ചു. എന്നാൽ തൃശൂർ പ്രതിരോധത്തെ മറികടക്കാനായില്ല. പ്രതിരോധത്തിൽ വിള്ളൽ വീണപ്പോഴെല്ലാം മുൻ ഇന്ത്യൻ ഗോൾകീപ്പർ ലക്ഷ്‌മി കാന്ത് കട്ടിമണിയുടെ അനുഭവ സന്പത്ത് കരുത്തായി.
പോയിന്റ് പട്ടിക
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ്)
തൃശൂർ 6 4 1 1 13
കലിക്കറ്റ് 6 3 2 1 11
മലപ്പുറം 6 2 3 1 9
കണ്ണൂർ 6 2 3 1 9
തിരുവനന്തപുരം 6 2 1 3 7
കൊച്ചി 6 0 0 6 0









0 comments