കണ്ണൂർ വാരിയേഴ്‌സിന് ഇന്ന് തൃശൂർ മാജിക് എഫ്‌സി , രണ്ട് സെമി സ്ഥാനങ്ങൾക്കായി മൂന്ന് ടീമുകൾ
print edition സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ; കണ്ണൂരിന് ജയിച്ചാൽ പോര

കണ്ണൂർ വാരിയേഴ്സ് ടീം പരിശീലനത്തിൽ

Sports Desk
Published on Dec 02, 2025, 04:45 AM | 1 min read
കോഴിക്കോട്
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ ഇന്ന് തൃശൂർ മാജിക് എഫ്‌സിയെ നേരിടാനിറങ്ങുമ്പോൾ കണ്ണൂർ വാരിയേഴ്‌സിന് ജയത്തിൽ കുറഞ്ഞതൊന്നും പറ്റില്ല. തോൽവിയോ സമനിലയോ പുറത്തേക്കുള്ള വഴികാട്ടും. ജയിച്ചാൽ തന്നെയും അടുത്ത രണ്ട് മത്സരഫലത്തിനായി കാത്തിരിക്കണം. തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ് പോരാട്ടം.
നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സിയും (20 പോയിന്റ്) തൃശൂരും (17) മാത്രമാണ് സെമി ഉറപ്പിച്ച ടീമുകൾ. അവസാന റൗണ്ട് മത്സരങ്ങൾ ഇന്ന് തുടങ്ങുമ്പോൾ ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മൂന്ന് ടീമുകളാണ് രംഗത്ത്. യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ള തിരുവനന്തപുരം കൊമ്പൻസ് (12), മലപ്പുറം എഫ്‌സി (11), കണ്ണൂർ (10) ടീമുകൾ. ആറാംസ്ഥാനത്തുള്ള ഫോഴ്‌സ കൊച്ചി (3) നേരത്തെ പുറത്തായതാണ്. കണ്ണൂർ–തൃശൂർ ഫലം ആശ്രയിച്ചാണ് സെമി ലൈനപ്പ് നിർണയിക്കപ്പെടുക. ഇന്ന് ജയിച്ചാൽ കണ്ണൂരിന് 13 പോയിന്റാകും. മൂന്നാം സ്ഥാനത്തെത്തും. ഇതോടെ നാളെയും മറ്റന്നാളുമായി നടക്കുന്ന തിരുവനന്തപുരം–കാലിക്കറ്റ്, മലപ്പുറം–കൊച്ചി മത്സരം നിർണായകമാകും. തിരുവനന്തപുരത്തിന് തോൽക്കാതിരുന്നാൽ മതി. മലപ്പുറത്തിന് കൊച്ചിക്കെതിരെ ജയം നിർബന്ധം.
കണ്ണൂർ ഇന്ന് സമനിലയിൽ അവസാനിപ്പിച്ചാൽ തിരുവനന്തപുരവും മലപ്പുറവും മത്സരത്തിന് മുമ്പേ സെമിയിലെത്തും. കണ്ണൂരിന് സമനിലയോടെ 11 പോയിന്റായാലും ഗോൾശരാശരിയിൽ മലപ്പുറത്തെ മറികടക്കാനാകില്ല.









0 comments