1,05,577 കാണികളാണ് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ അഞ്ച് മത്സരത്തിനെത്തിയത്
print edition കണക്കിലും കളിയിലും സൂപ്പർ ; ബ്ലാസ്‌റ്റേഴ്‌സിനെ കടത്തിവെട്ടി കാലിക്കറ്റ് എഫ്‌സി

സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സി–മലപ്പുറം എഫ്സി മത്സരത്തിൽ നിറഞ്ഞു കവിഞ്ഞ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയം /ഫോട്ടോ: ജഗത് ലാൽ
അജിൻ ജി രാജ്
Published on Dec 02, 2025, 04:48 AM | 1 min read
കോഴിക്കോട്
കണക്കിലും കളിയിലും സൂപ്പറായി മുന്നേറുകയാണ് സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ. കാലിക്കറ്റ് എഫ്‌സിയുടെ സ്വന്തംതട്ടകത്തിലെ അഞ്ച് മത്സരവും പൂർത്തിയായപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കടത്തിവെട്ടി. 1,05,577 പേരാണ് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റിന്റെ കളി കാണാനെത്തിയത്. കഴിഞ്ഞ സീസൺ ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന 12 മത്സരം കണ്ടത് 1,90,727 കാണികളാണ്. ശരാശരി 15,894 മാത്രം.
ആകെ എണ്ണത്തിൽ കൂടുതലാണെങ്കിലും ശരാശരിയിൽ വലിയ വ്യത്യാസമാണ്. മാത്രവുമല്ല കാലിക്കറ്റിനേക്കാൾ ഏഴ് കളി കൂടുതൽ കളിച്ചിട്ടുണ്ട് ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ്‌എൽ രാജ്യത്തെ ഒന്നാം നിര ലീഗാണെങ്കിൽ സൂപ്പർ ലീഗ് നാലാം ഡിവിഷനാണ് !
സൂപ്പർ ലീഗിന്റെ രണ്ടാം പതിപ്പിൽ അൽഭുതപ്പെടുത്തുന്ന വർധനവാണ് കാണികളുടെ എണ്ണത്തിൽ. കഴിഞ്ഞ പതിപ്പിൽ 33 മത്സരങ്ങൾക്ക് ആകെ മൂന്ന് ലക്ഷത്തോളം പേരാണ് എത്തിയത്. കൃത്യം 2,97,632 പേർ. ഇത്തവണ 27 കളി പൂർത്തിയായപ്പോൾതന്നെ മൂന്ന് ലക്ഷം കടന്നു. 3,28,362 ആളുകൾ കളി നേരിട്ട് കണ്ടു. സെമിയും ഫൈനൽ ഉൾപ്പെടെ അഞ്ച് കളികൾ ബാക്കിയാണ്. കോഴിക്കോട്ട് കഴിഞ്ഞ തവണ നടന്നത് 13 കളിയാണ്. 1,46,529 പേർ ടിക്കറ്റെടുത്തു. ഇത്തവണ അഞ്ച് മത്സരത്തിനുള്ളിൽ ഇത് മറികടന്നു. ഒരു സെമിക്കും ഫൈനലിനും കൂടി കോഴിക്കോട് വേദിയാകും. മലപ്പുറം എഫ്‌സിയുമായുള്ള കാലിക്കറ്റിന്റെ കളിയാണ് കൂടുതലാളുകൾ കണ്ടത് (34,173).
ഐഎസ്‌എല്ലിന്റെ മറ്റൊരു റെക്കോഡ് നേരത്തേ സൂപ്പർ ലീഗ് മറികടന്നിരുന്നു. ശരാശരി കാണികളുടെ എണ്ണത്തിൽ ഐഎസ്‌എല്ലിനെ ആദ്യ 17 കളി കൊണ്ട് പിന്തള്ളി. 12,944 പേരാണ് സൂപ്പർ ലീഗിന്റെ ശരാശരി കാണികൾ. ഐഎസ്‌എല്ലിന് 11,870.









0 comments