സൂപ്പർ കപ്പ് ഒക്‌ടോബർ 25ന്

ന്യൂഡൽഹി
ഇന്ത്യൻ ഫുട്‌ബോളിലെ പ്രതിസന്ധികൾക്ക് അവസാനം. പുതിയ സീസണിന്റെ തുടക്കം കുറിച്ച് സൂപ്പർ കപ്പ് ഒക്‌ടോബർ 25ന് തുടങ്ങും. നവംബർ 22നാണ് ഫൈനൽ. വേദിയോ മത്സരക്രമമോ തീരുമാനമായിട്ടില്ല. എത്ര ടീമുകൾ പങ്കെടുക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഐഎസ്‌എൽ ക്ലബ്ബുകൾക്കുപുറമെ ഐ ലീഗ് ടീമുകളുമുണ്ടാകും. ഡ്യുറന്റ് കപ്പോടെ ഇന്ത്യയിൽ പുതിയ സീസൺ ഭാഗികമായി ആരംഭിച്ചിരുന്നു. എന്നാൽ ഐഎസ്‌എല്ലിൽനിന്ന് ആറ് ക്ലബ്ബുകൾമാത്രമാണ് പങ്കെടുത്തത്.
ഇതിനിടെ ഐഎസ്‌എല്ലിന്റെ പുതിയ സ്‌പോൺസർമാരെ കണ്ടെത്താൻ മൂന്നംഗ ലേല നിർണയ സമിതി രൂപീകരിച്ചു. ജസ്‌റ്റിസ് എൽ നാഗേശ്വര റാവുവാണ് അധ്യക്ഷൻ. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) പ്രതിനിധി കേശവരൻ മുരുഗസു, അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) പ്രസിഡന്റ് കല്യാൺ ചൗബെ എന്നിവരാണ് അംഗങ്ങൾ. പുതിയ സാമ്പത്തിക പങ്കാളികളെ കണ്ടെത്താനുള്ള ലേല നടപടികളും സമിതിയുടെ മേൽനോട്ടത്തിലാണ് നടക്കുക.










0 comments