print edition എൽ ക്ലാസികോ ഇന്ന്; റയലിൽ കൂട്ടയടി

നൗകാമ്പ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗിലെ എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണക്കെതിരെ ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്ന റയൽ മാഡ്രിഡിൽ അടി തീരുന്നില്ല. ആഭ്യന്തര കലഹത്തിൽ ടീമാകെ കുലുങ്ങിയിരിക്കുകയാണ്.
പരിശീലനത്തിനിടെ ഫെഡെറികോ വാൽവെർദെയും ഒർലെയ്‌ൻ ചൗമെനിയും തമ്മിൽ കൈയാങ്കളിയുണ്ടായതും സൂപ്പർതാരം കിലിയൻ എംബാപ്പെയെ ടീമിൽനിന്ന് ഒഴിവാക്കാൻ ആരാധകർ നടത്തുന്ന പ്രതിഷേധവും തളർത്തി. ഒപ്പം പരിശീലകൻ അൽവാരോ അർബിയോളയ്‌ക്കെതിരായ വിമർശനങ്ങളും കടുക്കുകയാണ്.
ബാഴ്‌സയുടെ തട്ടകത്തിൽ നടക്കുന്ന കളിയിൽ ജയം പിടിച്ചില്ലെങ്കിൽ സ്‌പാനിഷ് ലീഗ് കൈവിടും. ബാഴ്‌സ കിരീടമണിയും.
പരിശീലനത്തിനിടെ തമ്മിൽതല്ലി നാണക്കേടുണ്ടാക്കിയ വാൽവെർദെയ്‌ക്കും ചൗമെനിക്കും റയൽ പിഴ ചുമത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരെയും കളിപ്പിക്കുന്ന കാര്യത്തിൽ സംശയമുണ്ട്.
കളിക്കാർ തമ്മിൽ കലഹമുണ്ടെന്നും പരിശീലകനുമായി താരങ്ങൾ മിണ്ടാറില്ലെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. സാബി അലോൺസോയെ പുറത്താക്കിയശേഷം പകരക്കാരനായെത്തിയ അർബിയോളയ്‌ക്കും ടീമിനെ ഉയർത്താനായിട്ടില്ല. രണ്ട് സീസണായി മൂന്ന് പരിശീലകരെയാണ് റയൽ പരീക്ഷിച്ചത്. ഒറ്റ കിരീടവും നേടാനായിട്ടില്ല.
34 കളിയിൽ 88 പോയിന്റാണ് ഒന്നാമതുള്ള ബാഴ്‌സയ്‌ക്ക്. റയലിന് 77. പതിനൊന്ന് പോയിന്റാണ് വ്യത്യാസം. 38 കളിയാണ് ആകെ. ഇന്ന് ജയിച്ചാൽ ബാഴ്‌സ തുടർച്ചയായ രണ്ടാംതവണയും ചാമ്പ്യൻ ക്ലബാകും.











0 comments