print edition സ്‌പാനിഷ് സംഘഗാനം

ഡാലസ്: ഡാലസിൽ സംഘഗാനം മുഴങ്ങി. കൂട്ടായ്‌മയുടെ കരുത്തിൽ സ്‌പെയ്‌ൻ ഉന്നതങ്ങളിലേക്ക് നടന്നുകയറി. അജയ്യമെന്ന് പേരുകേട്ട ഫ്രാൻസിന്റെ ആക്രമണനിരയ്‌ക്കുനേരെ രക്തരഹിത വിപ്ലവം നടത്തി. ഒരു തുള്ളി ചോരപൊടിയാതെ അവർ ഡാലസിലെ യുദ്ധം ജയിച്ചു. എതിരാളികളെ നിർദയം കശാപ്പ് ചെയ്‌തിരുന്ന ഫ്രഞ്ച് നിര സ്‌പെയ്‌നിന്റെ അച്ചടക്കകളിക്ക് മുന്നിൽ പൂച്ചക്കുട്ടികളായി മാറി. പൊരുതാൻ പോലുമാകാതെ ഫ്രാൻസ് പിൻവലിഞ്ഞപ്പോൾ പതിനാറ് വർഷത്തിനുശേഷമുള്ള ഫൈനൽ പ്രവേശം സ്‌പെയ്‌ൻ ആഘോഷമാക്കി. ലോകകപ്പ് ഫുട്‌ബോൾ സെമിയിൽ കണ്ടത് തന്ത്രങ്ങളുടെ ആലയിൽ ചുട്ടുപഴുപ്പിച്ചെടുത്ത സ്‌പാനിഷ് നിരയെയായിരുന്നു.
കിലിയൻ എംബാപ്പെ, ഉസ്‌മാൻ ഡെംബെലെ, മിക്കേൽ ഒലീസെ, ബ്രാഡ്‌ലി ബർകോള, ദിസിരെ ദുവെ എന്നിവർ പോരാതെ പകരക്കാരുടെ നിരയിൽനിന്ന് റയാൻ ചെർക്കിയും. എന്നിട്ടും ഫ്രാൻസിന് സ്‌പെയ്‌നിന്റെ ഗോൾമുഖത്തേക്ക് എത്തിനോക്കാൻ പോലുമായില്ല. കളിയുടെ ഓരോ മേഖലയിലും സ്‌പാനിഷ്‌പട അപ്രമാദിത്തം കാട്ടി. പന്ത് നൽകാതെ എതിരാളികളെ ശ്വാസം മുട്ടിച്ചു. പന്ത് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അപകടകാരികളായി. ഒരു കൂട്ടം വ്യക്തികളായി ഫ്രാൻസ് കളത്തിൽ. നർത്തകരുടെ ഒരു സംഘമായിരുന്നു സ്‌പെയ്‌ൻ. ബോക്‌സിന് മുന്നിൽനിന്ന് അടിതൊടുക്കാൻ പാകത്തിൽ ഫ്രഞ്ച് മുന്നേറ്റനിരയ്‌ക്ക് പന്ത് കിട്ടിയതേയില്ല. പന്ത് കാലിൽ കിട്ടുന്ന ഘട്ടത്തിൽ സ്‌പാനിഷ് പ്രതിരോധം മതിലായി ഉയർന്നു.
റോഡ്രി സ്‌പാനിഷ് നീക്കങ്ങളുടെ ആസൂത്രകനായി. ഫാബിയാൻ റൂയിസും ഡാനി ഒൽമോയും ഒപ്പംനിന്നു. അഡ്രിയാൻ റാബിയറ്റും ഒറെലിയൻ ചൗമെനിയും അണിനിരക്കുന്ന ഫ്രാൻസിന്റെ രണ്ടംഗ പ്രതിരോധ മധ്യനിരയെ സ്‌പെയ്‌നിന്റെ മൂവർ സംഘം മുഴുവനായി വിഴുങ്ങി. റാബിയറ്റ് മാറി മനു കോനെ വന്നിട്ടും പന്തിൻമേൽ നിയന്ത്രണം നേടാൻ ഫ്രാൻസിന് കഴിഞ്ഞില്ല. ഒലീസയെ റോഡ്രിയും പത്തൊന്പതുകാരൻ കുബാർസിയും വിലങ്ങിലാക്കി. എംബാപ്പെയിലേക്കുള്ള പന്തൊഴുക്ക് നിലച്ചു. ഫ്രഞ്ച് ക്യാപ്‌റ്റൻ ഒറ്റപ്പെട്ടു. ആദ്യമായി ഗോൾവഴങ്ങിയതിന്റെ അന്പരപ്പിൽനിന്ന് ഫ്രാൻസിന് കരകയറാനായില്ല.
ഭദ്രമായിരുന്നു സ്‌പാനിഷ് പ്രതിരോധം. ഗോർകീപ്പർ ഉനായ് സിമോണിന് മൂന്ന് തവണ മാത്രമാണ് ഗോളിലേക്കുള്ള അടി തടയേണ്ടിവന്നത്. ഇടതുബാക്ക് മാർക് കുകുറെല്ല ആക്രമണത്തിനായി നീങ്ങുന്പോൾ പ്രതിരോധത്തിൽ അയ്‌മെറിക് ലപോർടയ്‌ക്കും കുബാർസിക്കുമൊപ്പം റോഡ്രിയും സംഘവും നിലകൊണ്ടു.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കോച്ച് ലൂയിഡ് ഡാ ലെ ഫുയന്റെ സ്‌പാനിഷ് നിരയെ കളത്തിലേക്ക് വിട്ടത്. ആദ്യ കളിയിൽ നവാഗതരായ കേപ് വെർദെയോട് ഗോളടിക്കാതെ കയറിയ സ്‌പാനിഷ് നിരയായിരുന്നില്ല ഫ്രാൻസിനെതിരെ കണ്ടത്. കൂട്ടായ്‌മയായിരുന്നു കരുത്ത്. സൂപ്പർതാരം ലമീൻ യമാൽ ഏഴ് കളിയിൽ ഒരു ഗോൾ മാത്രമാണ് നേടിയത്. എന്നിട്ടും സ്‌പെയ്‌നിന്റെ കളിമികവ് ഒരിഞ്ച് പോലും കുറഞ്ഞില്ല.
ഓരോ 11.56 സെക്കൻഡിലും സ്‌പെയ്‌ൻ എതിരാളികളുടെ കാലിൽനിന്ന് പന്ത് തിരിച്ചെടുക്കുന്നുണ്ടെന്നാണ് കണക്ക്. എതിർബോക്‌സിൽ 67 ശതമാനമാണ് പന്ത് നിയന്ത്രണം. ഏറ്റവും കൂടുതൽ പന്ത് നൽകുന്നതിൽ റോഡ്രിയും ലപോർടെയും കുബാർസിയുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.











0 comments