print edition സർവീസസ് പവർ

സന്തോഷ് ട്രോഫി ഫുട്ബോൾ ഫെെനലിൽ കേരളത്തിനെതിരെ വിജയഗോൾ നേടിയ സർവീസസ് താരം അഭിഷേക് പവാറിന്റെയും (ഇടത്തുനിന്ന് രണ്ടാമത്) സഹ കളിക്കാരുടെയും ആഘോഷം / ഫോട്ടോ: പി വി സുജിത്
അജിൻ ജി രാജ്
Published on Feb 09, 2026, 12:17 AM | 2 min read
ദിബ്രുഗഢ് (അസം)
സർവസന്നാഹങ്ങളുമായെത്തിയ കേരളത്തിനെതിരെ ഒറ്റ ആയുധമാണ് സർവീസസ് പുറത്തെടുത്തത്. ഇരുപത്തൊന്നുകാരൻ അഭിഷേക് പവാർ. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ വിറപ്പിച്ച അതേ മുന്നേറ്റക്കാരൻ. പ്രതിരോധിക്കുക, പ്രത്യാക്രമണം നടത്തുക എന്ന തന്ത്രം പട്ടാളച്ചിട്ടയിൽ കളത്തിൽ നടപ്പാക്കിയപ്പോൾ വിജയം സർവീസസിനൊപ്പമായി. അഞ്ച് പ്രതിരോധക്കാരെ അണിനിരത്തിയാണ് പരിശീലകൻ എം ജി രാമചന്ദ്രൻ എത്തിയത്.
ഗോളടിക്കാൻ അഭിഷേക് മാത്രം. അവസരത്തിനായി കാത്തിരിക്കുക എന്നതായിരുന്നു നിർദേശം. 109–ാം മിനിറ്റിൽ ലഭിച്ച അനുകൂലസന്ദർഭം മുന്നേറ്റക്കാരൻ മുതലാക്കി. കേരള ഗോൾവലയിലേക്കുള്ള സർവീസസിന്റെ ഏക ഷോട്ടായിരുന്നു അത്.
തിങ്ങിനിറഞ്ഞ ധാകുവാഖാന സ്‌റ്റേഡിയത്തിൽ കേരളമാണ് നന്നായി തുടങ്ങിയത്. സെമിയിൽനിന്ന് ഒരു മാറ്റവുമായാണ് പരിശീലകൻ എം ഷഫീഖ് ഹസൻ ടീമിനെ ഒരുക്കിയത്. വിങ്ങിൽ എം വിഘ്‌നേഷിന് പകരം ടി ഷിജിനെത്തി. ആദ്യപകുതി മുഹമ്മദ് അജ്‌സലും വി അർജുനും ഒ എം ആസിഫുമെല്ലാം എതിർ ഗോൾമുഖത്തേക്ക് ഒഴുകിയെത്തി. അജ്‌സലിന്റെ ഉഗ്രനൊരു ഷോട്ട് ചാങ്‌ബം സമ സിങ് ഓടിയെത്തി രക്ഷപ്പെടുത്തി. 27–ാം മിനിറ്റിൽ അർജുന്റെ ലോങ്‌റേഞ്ച് ബാറിൽ തട്ടി മടങ്ങി. പിന്നാലെ ഷിജിനിന്റെ ഹെഡ്ഡർ ശ്രമവും പാളി.
രണ്ടാംപകുതിയും ആധിപത്യം തുടർന്നെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ഇടതുവിങ്ങിൽ വിഘ്‌നേഷിന്റെ മിന്നൽനീക്കം സർവീസസ് ഗോളിയും ക്യാപ്‌റ്റനുമായ ഗഗൻദീപ് സിങ്ങിന്റെ കൈകളിൽ വിശ്രമിച്ചു. മത്സരത്തിലുടനീളം ഗഗൻദീപ് തകർപ്പൻ കളി പുറത്തെടുത്തു.
നിശ്ചിതസമയം ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിയാത്തതോടെ റഫറി അധികസമയത്തേക്കുള്ള വിസിൽ മുഴക്കി. ഗോളടിക്കാൻ കേരളവും ചെറുക്കാൻ സർവീസസും മത്സരിക്കുന്നത് തുടർന്നു. എന്നാൽ ഒറ്റനിമിഷത്തിൽ എല്ലാം തകിടംമറിഞ്ഞു. ഇടതുവിങ്ങിൽനിന്ന് ലാലിങ്‌ചുവാംഗയുടെ ഗോൾമുഖത്തേക്ക് വന്ന ക്രോസ് കേരള കാവൽക്കാരൻ എസ് ഹജ്‌മൽ കുത്തിയിട്ടു. ഇത് ഗോൾമുഖത്തുള്ള അഭിഷേകിലേക്കായിരുന്നു എത്തിയത്. തകർപ്പൻ ഫോമിലുള്ള മുന്നേറ്റക്കാരന് അതിവേഗം വലയിലേക്ക് തൊടുക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല. സർവീസസ് 1 കേരളം 0.
തിരിച്ചടിക്കാൻ കേരളം ആഞ്ഞുശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. പട്ടാളച്ചിട്ടയോടെ സർവീസസ് കളി വരുതിയിലാക്കി. ഒടുവിൽ ഫൈനലിലെത്തിയ ഏഴ് തവണയും കപ്പ് നേടാനായി. 2012, 2013, 2015, 2016, 2019, 2024 വർഷങ്ങളിലും ജയിച്ചു. അവസാന 13 സീസണുകൾക്കിടെയുള്ള ഏഴാം കിരീടം. ആദ്യ ട്രോഫി 1961ലാണ്.
രണ്ടാം തവണയാണ് കേരളം സർവീസസിനോട് ഫൈനലിൽ തോൽക്കുന്നത്.
2013ൽ കൊച്ചിയിൽ ഷൂട്ടൗട്ടിൽ വീഴുകയായിരുന്നു.










0 comments