print edition സെനെഗലും സെമിയിൽ; മൊറോക്കോയ്‌ക്ക് ബ്രാഹിം ഗോൾ

റബാത്: ബ്രാഹിം ഡയസിന്റെ ഗോളടി മികവിൽ ആതിഥേയരായ മൊറോക്കോ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോളിന്റെ സെമിയിൽ. ക്വാർട്ടറിൽ കാമറൂണിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. ഒരു ഗോൾ നേടിയ ഡയസ് തുടർച്ചയായ അഞ്ച് കളിയിലും ലക്ഷ്യം കണ്ട് റെക്കോഡിട്ടു. മാലിയെ ഒരു ഗോളിന് വീഴ്‌ത്തി സെനെഗലും സെമിയിലെത്തി.
2004ൽ ഫൈനലിൽ തോറ്റശേഷം ആദ്യമായാണ് മൊറോക്കോ നേഷൻസ് കപ്പിന്റെ സെമിയിൽ കടക്കുന്നത്. അഞ്ച് തവണ ചാന്പ്യൻമാരായ കാമറൂണിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. കളി തുടങ്ങി അരമണിക്കൂർ തികയുംമുന്പ് മൊറോക്കോ മുന്നിലെത്തി. കോർണറിൽനിന്നായിരുന്നു ഗോൾ. ഉയർന്നുപൊങ്ങിയ പന്തിൽ അയൂബ് അൽ കാബി തലവച്ചു. ഗോൾ കീപ്പർക്ക് തൊട്ടുമുന്നിലുണ്ടായിരുന്ന ഡയസ് പന്തിനെ വലയിലേക്കുവിട്ടു. നേഷൻസ് കപ്പിൽ ആദ്യമായാണ് ഒരു കളിക്കാരൻ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ഗോളടിക്കുന്നത്. സ്‌പാനിഷ് ലീഗ് വന്പൻമാരായ റയൽ മാഡ്രിഡിനാണ് ഇരുപത്താറുകാരൻ കളിക്കുന്നത്. കളിയുടെ അവസാന ഘട്ടത്തിൽ ഇസ്‌മായേൽ സയ്‌ബാറി മൊറോക്കോയുടെ ജയമുറപ്പാക്കി. രണ്ടാംപകുതിയിൽ കാമറൂൺ ആഞ്ഞുശ്രമിച്ചെങ്കിലും മൊറോക്കോയുടെ പ്രതിരോധം മറികടക്കാനായില്ല. ലിമാൻ എൻഡിയായുടെ ഗോളിലാണ് സെനെഗൽ മാലിയെ വീഴ്‌ത്തിയത്.
കളി തുടങ്ങി അരമണിക്കൂറിൽ സെനെഗൽ മുന്നിലെത്തി. ക്രെപിയാൻ ഡിയാറ്റയുടെ ക്രോസിൽനിന്നായിരുന്നു എൻഡിയായെയുടെ ഗോൾ. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പ് മാലിക്ക് മറ്റൊരു തിരിച്ചടി കിട്ടി. രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി ക്യാപ്‌റ്റൻ വൈവെസ് ബിസൗമ പുറത്തായി. കളിയുടെ തുടക്കത്തിൽ സാദിയോ മാനെയെ ഫ-ൗൾ ചെയ്‌ത ബിസൗമ ഇടവേളയ്‌ക്ക് തൊട്ടുമുന്പ് ഇഡ്രിസ ഗയെയും വലിച്ചിട്ടു. പത്തുപേരായി ചുരുങ്ങിയ മാലിക്ക് പിന്നെ ചെറുത്തുനിൽക്കാനായില്ല. 2021ലെ ചാന്പ്യനാണ് സെനെഗൽ.










0 comments