ad
Deshabhimani

കാത്തിരിക്കുന്നത്‌ കടുത്ത നടപടി

print edition സിംഹഗർജനം ; സെനെഗൽ 
ആഫ്രിക്കൻ ചാമ്പ്യൻമാർ , മൊറോക്കോയെ ഒരു ഗോളിന്‌ തോൽപ്പിച്ചു

senegal African Nations Cup
വെബ് ഡെസ്ക്

Published on Jan 20, 2026, 02:45 AM | 2 min read

റബാത്

ആതിഥേയരായ മൊറോക്കോയെ വീഴ്‌ത്തി സെനെഗൽ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ കിരീടം ചൂടി (1–0). അധിക സമയത്ത്‌ പാപെ ഗയെ തൊടുത്ത ഗോളിലായിരുന്നു സാദിയോ മാനെയും സംഘവും ജയം പിടിച്ചത്‌.


നാടകീയ രംഗങ്ങളായിരുന്നു റബാത്തിൽ നടന്ന ഫൈനലിൽ അരങ്ങേറിയത്‌. നിശ്‌ചിത സമയം അവസാനിക്കുന്നതിന്‌ തൊട്ടുമുന്പ്‌ ബ്രാഹിം ഡയസ്‌ പെനൽറ്റി പാഴാക്കിയത്‌ മൊറോക്കോയ്‌ക്ക്‌ തിരിച്ചടിയായി.


അന്പത്‌ വർഷത്തെ കാത്തിരിപ്പ്‌ അവസാനിപ്പിക്കാനിറങ്ങിയ മൊറോക്കോ പ്രതീക്ഷയോടെയാണ്‌ പന്ത്‌ തട്ടിയത്‌. ആഫ്രിക്കയിലെ ഏറ്റവും മികച്ച സംഘങ്ങൾ തമ്മിലുള്ള പോരിന്‌ വാശി കൂടി. പ്രതിരോധത്തിലായിരുന്നു ശ്രദ്ധ. ആദ്യ അവസരം സെനെഗലിനായിരുന്നു. ഇലിമാൻ എൻഡിയായെയുടെ ഷോട്ട്‌ മൊറോക്കോൻ ഗോൾ കീപ്പർ യാസിനെ ബോണോ തടഞ്ഞു. മറുവശത്ത്‌ അയൂബ്‌ എൽ കാബിയുടെ അടി പുറത്തേക്കായി.

കളിയുടെ അവസാനം സെനെഗൽ ലക്ഷ്യം കണ്ടെങ്കിലും റഫറി ഫ‍ൗൾ വിളിച്ചു.


പരിക്കുസമയത്തിന്റെ നാലാം മിനിറ്റിൽ മൊറോക്കോയ്‌ക്ക്‌ അനുകൂലമായി പെനൽറ്റി കിട്ടി. ഡയസിനെ സെനെഗൽ പ്രതിരോധക്കാരൻ എൽ ഹാദ്‌ജി മാലിക്ക്‌ ദിയുഫ്‌ ബോക്‌സിൽ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. പക്ഷേ, ടൂർണമെന്റിൽ അഞ്ച്‌ ഗോളുമായി ടോപ്‌ സ്‌കോററായ ഡയസിന്‌ ലക്ഷ്യം കാണാനായില്ല. മുന്നേറ്റക്കാരന്റെ ‘പനേങ്ക കിക്ക്‌’ സെനെഗൽ ഗോൾ കീപ്പർ എഡ്വാർഡോ മെൻഡിയുടെ കൈകളിലേക്കായിരുന്നു. ആ നിമിഷം തകർന്ന മൊറോക്കോയ്‌ക്ക്‌ പിന്നെ തിരിച്ചുവരവുണ്ടായില്ല. കളി അധിക സമയത്തിലേക്ക്‌ കടന്നു.


തുടക്കത്തിൽതന്നെ സെനെഗൽ ചരിത്രംകുറിച്ചു. മാനെയായിരുന്നു ആസൂത്രകൻ. മധ്യനിരയിൽനിന്ന്‌ ഇഡ്രിദ ഗയയിലേക്ക്‌. പാപെയിലേക്ക്‌ ഇഡ്രിസ പന്ത്‌ കൈമാറി. മൊറോക്കൻ ക്യാപ്‌റ്റൻ അഷ്‌റഫ്‌ ഹക്കീമിയുടെ മുന്നിലേക്ക്‌ കയറിയ പാപെ ഗോൾ കീപ്പർ ബോണോയെയും കാഴ്‌ചക്കാരനാക്കി. 66,000 കാണികൾ നിറഞ്ഞ റബാത്‌ സ്‌റ്റേഡിയം നിശബ്‌ദമായി.

രണ്ടാംതവണയാണ്‌ സെനെഗൽ ജേതാക്കളാകുന്നത്‌. 2021ലായിരുന്നു ആദ്യ നേട്ടം.

മാനെയാണ്‌ ടൂർണമെന്റിലെ താരം. ഡയസ്‌ സുവർണപാദുകം സ്വന്തമാക്കി. അഞ്ച് ഗോളാണ് ആകെ നേടിയത്. ബോണോ മികച്ച ഗോൾ കീപ്പറുമായി.


കളംവിട്ട്‌ സെനെഗൽ‍; 
നാടകീയം ഫൈനൽ

റബാത്‌

ഇതുവരെ കാണാത്ത നാടകീയ സംഭവങ്ങൾക്കാണ്‌ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ ഫൈനൽ വേദി സാക്ഷിയായത്‌. കളിയുടെ അവസാന നിമിഷം മൊറേോക്കോയ്‌ക്ക്‌ പെനൽറ്റി അനുവദിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അതിന്‌ തൊട്ടുമുന്പ്‌ സെനെഗലിന്റെ ഗോൾ റഫറി ഫ‍ൗൾ വിളിച്ചിരുന്നു.


98–ാം മിനിറ്റിൽ ബ്രാഹിം ഡയസിനെ ഫ‍ൗൾ ചെയ്‌തതിനാണ്‌ റഫറി ജീൻ ജാകസ്‌ എൻഡാല പെനൽറ്റിക്ക്‌ വിധിച്ചത്‌. ഇതേ തുടർന്ന്‌ സെനെഗൽ താരങ്ങൾ റഫറിയുമായി തർക്കത്തിലായി. തൊട്ടുമുന്പ്‌ ഗോൾ അനുവദിക്കാത്തതിന്റെ നിരാശയും ഉണ്ടായിരുന്നു. കളി തടസ്സപ്പെട്ടു. പിന്നാലെ പരിശീലകൻ പാപെ തിയാവ്‌ കളിക്കാരോട്‌ കളംവിടാൻ ആവശ്യപ്പെട്ടു. അതിനിടെ കാണികളും ഇളകി. സൂപ്പർതാരം സാദിയോ മാനെ കളിക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വിശ്രമമുറിയിലേക്ക്‌ പോയ കളിക്കാർ 17 മിനിറ്റിനുശേഷമാണ്‌ മടങ്ങിയെത്തിയത്‌.


ഉടൻതന്നെ ഡയസ്‌ പെനൽറ്റിയെടുത്തു. അത്‌ ഗോളി എഡ്വാർഡോ മെൻഡിയുടെ കൈയിലൊതുങ്ങിയ നിമിഷത്തിൽ റഫറി നിശ്‌ചിതസമയം അവസാനിച്ചതായി വിസിലൂതി. കളി അധിക സമയത്തേക്ക്‌ നീങ്ങുകയും ചെയ്‌തു.


സെനെഗലിന്റെ നടപടി അപമാനകരവും ആഫ്രിക്കയുടെ പൈതൃകത്തിന്‌ ചേരാത്തതുമാണെന്ന്‌ മൊറോക്കൻ പരിശീലകൻ വാലിദ്‌ റെഗ്രാഗുയ്‌ പറഞ്ഞു. ഫിഫ തലവൻ ജിയാനി ഇൻഫാന്റിനോ സംഭവത്തിൽ നീരസം പ്രകടിപ്പിച്ചു. ആഫ്രിക്കൻ ഫുട്‌ബോൾ ഫെഡറേഷനും പ്രതിഷേധം അറിയിച്ചു.


കാത്തിരിക്കുന്നത്‌ കടുത്ത നടപടി

ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫൈനലിനിടെ കളംവിട്ടതിൽ സെനെഗൽ ടീമിനെതിരെ കടുത്ത നടപടിക്ക്‌ ഫിഫ. സെനെഗലിന്റെ ഭാഗത്തുനിന്നുണ്ടായത്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രവൃത്തിയാണെന്ന്‌ ഫിഫ തലവൻ ജിയാനി ഇൻഫാന്റീനോ പ്രതികരിച്ചു. രാജ്യാന്തര ഫുട്‌ബോളിൽനിന്നുള്ള വിലക്കുൾപ്പെടെ വന്നേക്കാം. അങ്ങനെയെങ്കിൽ സെനെഗലിന്‌ ലോകകപ്പ്‌ നഷ്ടമാകും. കോച്ച്‌ പാപെ തിയാവെയ്‌ക്കും വിലക്കുണ്ടാകും. 2030 ലോകകപ്പ്‌ വേദിക്കായി രംഗത്തുള്ള മൊറോക്കോയ്‌ക്കും ഫൈനലിലെ അനിഷ്ട സംഭവങ്ങൾ തിരിച്ചടിയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home