28 വർഷത്തെ കാത്തിരിപ്പിന് വിരാമം; ലോകകപ്പിൽ ചരിത്രം തിരുത്താൻ സ്കോട്ട്‌ലൻഡ് ഒരുങ്ങുന്നു

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ സ്കോട്ലൻഡ് ടീമിന്റെ ആഹ്ലാദപ്രകടനം | Photo Credit: PA Media
ബോസ്റ്റൺ: ലോകകപ്പ് വേദിയിലെ ഗ്രൂപ്പ് ഘട്ടത്തിൽ കാലിടറുന്ന പതിവ് രീതിക്ക് അന്ത്യം കുറിച്ച് ചരിത്രം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സ്കോട്ട്‌ലൻഡ് ടൂർണമെന്റിനെത്തുന്നത്. കഴിഞ്ഞ 28 വർഷത്തിനിടെ സ്കോട്ട്‌ലൻഡ് യോഗ്യത നേടുന്ന ആദ്യ ലോകകപ്പാണിത്.
മുൻപ് പങ്കെടുത്ത 12 പ്രധാന ടൂർണമെന്റുകളിലും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ സ്കോട്ട്‌ലൻഡിന് സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ 48 ടീമുകൾ മാറ്റുരയ്ക്കുന്ന പുതിയ ഫോർമാറ്റ്, കടുത്ത ഗ്രൂപ്പായിരുന്നിട്ടും സ്റ്റീവ് ക്ലാർക്കിന്റെ പരിശീലനത്തിലുള്ള ടീമിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഗ്രൂപ്പ് സിയിൽ വമ്പന്മാരായ ബ്രസീലും ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോയും വെല്ലുവിളി ഉയർത്താനുണ്ടെങ്കിലും ബോസ്റ്റണിൽ കരീബിയൻ ടീമായ ഹെയ്തിക്കെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ വലിയ മാർജിനിലുള്ള വിജയം മാത്രമാണ് സ്കോട്ടിഷ് ടീമിന്റെ ലക്ഷ്യം.
അടുത്ത രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാൽ പോലും വലിയ മാർജിനിൽ ഹെയ്തിയെ തോൽപ്പിച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരായ എട്ട് ടീമുകളിൽ ഒന്നായി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സ്കോട്ട്‌ലൻഡിന് അവസരമുണ്ട്.
ലിവർപൂളിന്റെ ആൻഡി റോബർട്ട്സൺ, ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജോൺ മക്ഗിൻ, നാപ്പോളിയുടെ സ്കോട്ട് മക്ടോമിനയ് എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ നിരയ്ക്ക് ലോകകപ്പിൽ സ്വാധീനം ചെലുത്താനുള്ള അവസാന അവസരമായിരിക്കും ഇത്.
മുൻപ് യൂറോ 2020, 2024 ടൂർണമെന്റുകളിൽ ഒരു മത്സരം പോലും ജയിക്കാനാകാതെ പുറത്തായതിന്റെ നിരാശ മറികടക്കുകയാണ് ടീമിന്റെ ലക്ഷ്യം. യോഗ്യതാ മത്സരത്തിൽ ഡെന്മാർക്കിനെതിരെ മക്ടോമിനയ് നേടിയ ബൈസൈക്കിൾ കിക്ക് ഗോൾ സ്കോട്ടിഷ് ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
വലിയ ടൂർണമെന്റുകളിൽ കളിച്ച മുൻപരിചയം ഇത്തവണ ടീമിന് തുണയാകുമെന്നും ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ടീമിന് സാധിക്കുമെന്നും കോച്ച് സ്റ്റീവ് ക്ലാർക്ക് പ്രത്യാശ പ്രകടിപ്പിച്ചു.
കൂടുതൽ പ്രായമേറിയ കളിക്കാരുള്ള സ്ക്വാഡിൽ ബോൺമൗത്തിന്റെ 20 കാരനായ ബെൻ ഗാനൻ-ഡോക് എന്ന യുവതാരത്തിന്റെ വേഗതയും മികവും മുന്നേറ്റനിരയിൽ നിർണ്ണായകമാകും. തന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് ക്യാപ്റ്റൻ ആൻഡി റോബർട്ട്സൺ വ്യക്തമാക്കി.










0 comments