ad
Deshabhimani

കേരളത്തിന്‌ തുടർച്ചയായ രണ്ടാം ഫൈനൽ തോൽവി

print edition കളത്തിൽ വീണ്ടും കണ്ണീർ

Santosh Trophy

റണ്ണറപ്പിനുള്ള ട്രോഫിയുമായി കേരള ടീം

വെബ് ഡെസ്ക്

Published on Feb 09, 2026, 12:14 AM | 1 min read


ദിബ്രുഗഢ്‌

വീണ്ടും ഒരു ഒറ്റയാൻ ഷോട്ട്‌. തുടർച്ചയായ രണ്ടാംതവണയും കേരളത്തെ കണ്ണീരണിയിക്കാൻ അത്‌ മതിയായിരുന്നു. കഴിഞ്ഞ വർഷം ഹൈദരാബാദിൽ ബംഗാളിനെതിരെ പരിക്കുസമയം റോബി ഹൻസ്‌ദയുടെ ഗോളായിരുന്നു സ്വപ്‌നം തകർത്തതെങ്കിൽ ഇത്തവണ അധികസമയം അഭിഷേക്‌ പവാർ വിധി നിർണയിച്ചു. എട്ടാം കിരീടം തേടിയെത്തിയ കേരളത്തിന്‌ സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ പത്താം ഫൈനൽ തോൽവി.


സൂപ്പർ ലീഗ്‌ കേരളയ്‌ക്ക്‌ പിന്നാലെയുള്ള ടൂർണമെന്റിൽ പ്രതീക്ഷയോടെയാണ്‌ കേരളമെത്തിയത്‌. 22 കളിക്കാരിൽ 21 പേരും സൂപ്പർ ലീഗിൽനിന്ന്‌. മികച്ച ഒരുക്കവും കിട്ടി. അസമിൽ എത്തി ആദ്യ മത്സരങ്ങളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പതിയെ കത്തിക്കയറി.


നോക്ക‍ൗട്ട്‌ റ‍ൗണ്ടിൽ ഉജ്വല പ്രകടനമായിരുന്നു എം ഷഫീഖ്‌ ഹസൻ പരിശീലിപ്പിച്ച ടീം നടത്തിയത്‌. ക്വാർട്ടറിൽ ആതിഥേയരായ അസമിനെയും സെമിയിൽ പഞ്ചാബിനെയും ഗോളിൽ മുക്കി. രണ്ട്‌ മത്സരത്തിൽ മാത്രം ഏഴ്‌ ഗോളടിച്ചു. എന്നാൽ ഫൈനലിൽ മുന്നേറ്റനിര നിറംകെട്ടു. കിട്ടിയ അവസരങ്ങൾ പാഴാക്കി. ഫൈനലിന്റെ സമ്മർദഭാരം താങ്ങാൻ പലപ്പോഴും കഴിഞ്ഞില്ല. ഇത്‌ സ്വാഭാവിക പ്രകടനത്തെ ബാധിച്ചു. പകരക്കാരിൽ മികച്ച ഗോളടിക്കാരില്ലാത്തതും വലച്ചു.


തോറ്റെങ്കിലും ധാകുവാഖാനയിലെ കാണികളുടെ നിറഞ്ഞ കൈയടി വാങ്ങിയാണ്‌ ടീം മടങ്ങിയത്‌. കിരീടത്തിന്‌ ഒരുപടിയകലെ വീണെങ്കിലും തുടർച്ചയായ രണ്ടാം റണ്ണറപ്പ്‌ സ്ഥാനം ഇന്ത്യൻ ഫുട്‌ബോളിൽ കേരളത്തിന്റെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന്‌ തെളിയിക്കുന്നതാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home