കിരീടപ്പോര് ലക്ഷ്യമിട്ട് കേരളം , ലക്ഷ്യം 16–ാം ഫൈനൽ
print edition രണ്ട് ചുവടുകൾ ; സന്തോഷ് ട്രോഫി സെമിയിൽ ഇന്ന് കേരളം x പഞ്ചാബ്

സന്തോഷ് ട്രോഫി ഫുട്ബോൾ സെമിയിൽ ഇന്ന് പഞ്ചാബിനെ നേരിടുന്ന കേരള താരങ്ങൾ വ്യായാമത്തിൽ / ഫോട്ടോ: പി വി സുജിത്
അജിൻ ജി രാജ്
Published on Feb 05, 2026, 12:16 AM | 1 min read
ദിബ്രുഗഢ് (അസം)
സ്വപ്‌നത്തിലേക്ക് ഇനി രണ്ട് ചുവടുകൾ കൂടി. കരുതലോടെ, ഏകാഗ്രത വെടിയാതെ ലക്ഷ്യത്തിലേക്ക് മനസ്സുറപ്പിച്ച് കേരളം ഇന്ന് കളത്തിലേക്ക്. സന്തോഷ് ട്രോഫി ഫുട്‌ബോളിൽ പതിനാറാം ഫൈനൽ മോഹിച്ച് പഞ്ചാബിനെ നേരിടും. ധാകുവാഖാന സ്‌റ്റേഡിയത്തിൽ പകൽ 1.30നാണ് സെമി പോരാട്ടം. ഏഴുതവണ ജേതാക്കളാണ് കേരളം.
പഞ്ചാബാകട്ടെ എട്ടുവട്ടം കപ്പുയർത്തി. ഇന്ത്യൻ ഫുട്‌ബോളിലെ പ്രതാപശാലികൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം കനക്കുമെന്നുറപ്പ്. ക്വാർട്ടറിൽ ആതിഥേയരായ അസമിനെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ജി സഞ്ജു നയിക്കുന്ന കേരളമെത്തുന്നത്. പഞ്ചാബാകട്ടെ വെല്ലുവിളിക്കാനെത്തിയ തമിഴ്‌നാടിനെ ഷൂട്ടൗട്ടിൽ 4–1ന് മറികടന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ കേരളം 3–1ന് ജയിച്ചിരുന്നു.
ഓരോ കളിയിലും കരുത്താർജിക്കുന്ന കേരളമാണ് ടൂർണമെന്റിൽ.

എതിരാളികൾക്കെതിരെ വ്യത്യസ്ത തന്ത്രങ്ങൾ പയറ്റിയാണ് മുന്നേറ്റം. ആറ് കളിയിൽ നാലിലും ജയിച്ചു. ഓരോ തോൽവിയും സമനിലയും. 11 ഗോളടിച്ചപ്പോൾ മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്. ഗോൾകീപ്പർ എസ് ഹജ്‌മൽ, പ്രതിരോധത്തിൽ എസ് സന്ദീപ്, മധ്യനിരയിൽ എം എം അർജുൻ, മുന്നേറ്റത്തിൽ മുഹമ്മദ് അജ്‌സൽ എന്നിവരുടെ സ്ഥിരതയാർന്ന പ്രകടനം തുണച്ചു.
പനിമാറിയ ക്യാപ്‌റ്റൻ സഞ്ജു ഇന്ന് തിരിച്ചെത്തും. അജയ് അലക്‌സ് പുറത്തിരിക്കാനാണ് സാധ്യത. പരിക്കുള്ള ടി ഷിജിൻ കളിക്കില്ല. ടീമിൽ മറ്റൊരു മാറ്റവുമുണ്ടാകില്ല.
കേരളത്തോട് തോറ്റ് തുടങ്ങിയ പഞ്ചാബ് ശക്തമായ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. കരുത്തരായ സർവീസസിനെയും ഒഡിഷയെയും തോൽപ്പിച്ചു. ക്വാർട്ടറിൽ തമിഴ്‌നാടിനെ വീഴ്‌ത്തി. ആറ് കളിയിൽ മൂന്ന് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ്. 11 ഗോളടിച്ചപ്പോൾ അത്രതന്നെ വഴങ്ങി. ഗോളി കരൺദീപ് സിങ്, മുന്നേറ്റക്കാരൻ ഹിമാൻഷു ജാഗ്ര എന്നിവരാണ് പ്രധാന താരങ്ങൾ. ക്യാപ്‌റ്റൻ അഭിഷേക് രത്തു സസ്‌പെൻഷൻ കാരണം ഇന്നിറങ്ങില്ല.










0 comments