കേരളം കപ്പടിച്ചത് 7 തവണ , 1973ൽ ആദ്യം; അവസാനം 2022ൽ
print edition എട്ടിൽ നിറയാൻ കേരളം

അജിൻ ജി രാജ്
Published on Feb 07, 2026, 12:15 AM | 1 min read
ദിബ്രുഗഢ് (അസം)
മലയാളികളുടെ ലോകകപ്പാണ് സന്തോഷ് ട്രോഫി. കാൽപ്പന്തിൽ ഇത്രയും മോഹിപ്പിച്ച മറ്റൊരു കിരീടമില്ല. കേരള ഫുട്‌ബോൾ അഭിമാനവും പാരമ്പര്യവും പേറുന്നത് സന്തോഷ് ട്രോഫിയിലൂടെയാണ്. 1973ൽ കൊച്ചിയിൽ ക്യാപ്‌റ്റൻ മണിയുടെ നേതൃത്വത്തിലാണ് ആദ്യമായി കേരളം ചാമ്പ്യൻമാരാകുന്നത്. പിന്നീട് ആറുവട്ടം ദേശീയ ചാമ്പ്യൻഷിപ്പിൽ മലയാളിമുത്തമുണ്ടായി. അസമിലെ ധാകുവാഖാന സ്‌റ്റേഡിയത്തിൽ നാളെ സർവീസസിനെ ഫൈനലിൽ നേരിടുമ്പോൾ എട്ടാം കിരീടമാണ് ലക്ഷ്യം. പകൽ ഒന്നിനാണ് പോരാട്ടം.
പ്രഥമ കിരീടത്തിന്റെ അലയൊലികൾ ഇന്നും മാഞ്ഞിട്ടില്ല. അന്ന് റെയിൽവേസിനെ 3–2ന് തോൽപ്പിച്ചു. ക്യാപ്‌റ്റൻ ടി കെ എസ് മണിയുടെ ഐതിഹാസിക ഹാട്രിക്കിലായിരുന്നു ജയം പിടിച്ചത്. സൈമൺ സുന്ദർരാജായിരുന്നു കോച്ച്. ആദ്യനേട്ടത്തിനുശേഷം 19 വർഷമെടുത്തു അടുത്തതിന്. 1992ൽ കോയമ്പത്തൂരിൽ വി പി സത്യന്റെ കീഴിൽ ഗോവയെ 3–0ന് മടക്കി. 1993ൽ കൊച്ചിയിലും ആവർത്തിച്ചു. മഹാരാഷ്‌ട്രയെ രണ്ട് ഗോളിന് തകർത്തു. കുരികേശ് മാത്യുവായിരുന്നു ക്യാപ്‌റ്റൻ. ഇന്ന് കേരളത്തിന്റെ ഗോൾകീപ്പിങ് കോച്ചായ കെ ടി ചാക്കോയായിരുന്നു അന്നത്തെ കാവൽക്കാരൻ. 92ലും 93ലും ടി എ ജാഫറാണ് പരിശീലകസ്ഥാനത്ത്.
നാലാം കിരീടം 2001ലായിരുന്നു. മുംബൈയിൽ വാശിയേറിയ ഫൈനലിൽ അധികസമയക്കളിയിൽ ഗോവയെ 3–2ന് വീഴ്‌ത്തി. എം എ അബ്‌ദുൾ ഹക്കീം ഹാട്രിക് നേടി. ആർ രാജേഷായിരുന്നു ക്യാപ്‌റ്റൻ. എം പീതാംബരൻ കോച്ചും. 2004ൽ ന്യൂഡൽഹിയായിരുന്നു വേദി. പഞ്ചാബിനെ അധികസമയക്കളിയിൽ 3–2ന് എസ് ഇഗ്‌നേഷ്യസിന്റെ സംഘം വീഴ്‌ത്തി. പീതാംബനായിരുന്നു അന്നും പരിശീലകൻ. ഇന്ന് കേരളത്തിന്റെ സഹപരിശീലകനായ എബിൻ റോസ് ആ ടീമിലുണ്ടായിരുന്നു. 14 വർഷത്തെ ഇടവേളയ്‌ക്കുശേഷം കൊൽക്കത്തയിൽ സതീവൻ ബാലൻ പരിശീലിപ്പിച്ച യുവനിര കിരീടവരൾച്ചയ്‌ക്ക് അവസാനമിട്ടു. ആതിഥേയരായ ബംഗാളിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി. രാഹുൽ രാജായിരുന്നു ക്യാപ്‌റ്റൻ. ഗോൾകീപ്പർ വി മിഥുൻ വിജയശിൽപ്പിയായി. 2022ൽ മലപ്പുറം മഞ്ചേരിയിൽ സ്വന്തംമണ്ണിലായിരുന്നു അവസാന നേട്ടം. ബംഗാളിനെ ഷൂട്ടൗട്ടിൽ മറികടന്നു. ബിനോ ജോർജ് പരിശീലിപ്പിച്ച ടീമിന്റെ ക്യാപ്‌റ്റൻ ജിജോ ജോസഫായിരുന്നു.










0 comments