print edition സന്തോഷപ്പഞ്ച്

പഞ്ചാബിനെതിരെ കേരളത്തിന്റെ മുഹമ്മദ് അജ്സൽ (20) ഹെഡറിലൂടെ ഗോൾ നേടുന്നു / ഫോട്ടോ: പി വി സുജിത്
അജിൻ ജി രാജ്
Published on Feb 06, 2026, 01:27 AM | 2 min read
ദിബ്രുഗഢ് (അസം)
വിരട്ടാൻ വന്ന പഞ്ചാബിനെ നാല് ‘പഞ്ചിൽ’ കേരളം തീർത്തു. എതിരാളിയെ പൊരുതാൻപോലും അനുവദിക്കാതെ സമഗ്രാധിപത്യത്തോടെയാണ് സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ പ്രവേശം. ബംഗാൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കിരീടമുയർത്തിയ പഞ്ചാബിനെ സെമിയിൽ നിലത്തുനിർത്തിയില്ല. ജി സഞ്ജു നയിച്ച സംഘം ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ കരുത്തുകാട്ടി. കേരളത്തിന്റെ വലയിലേക്ക് ഒറ്റ ഷോട്ട് പോലും തൊടുക്കാനാകാതെയാണ് പഞ്ചാബിന്റെ കീഴടങ്ങൽ.
വാശിയേറിയ മത്സരം പ്രതീക്ഷിച്ച ധാകുവാഖാന സ്‌റ്റേഡിയത്തിൽ വിസിൽ മുഴങ്ങിയത് മുതൽ ശൗര്യമില്ലാതെയാണ് പഞ്ചാബ് കളിച്ചത്. പ്രധാന താരങ്ങളുടെ അഭാവം തളർത്തി. ക്യാപ്റ്റൻ അഭിഷേക് രത്തു സസ്‌പെൻഷൻ കാരണം പുറത്തായിരുന്നു. കപ്പിത്താനില്ലാത്ത കപ്പലിന്റെ അവസ്ഥ. പരിക്കിന്റെ പിടിയിലുള്ള ജതീന്ദർ സിങ് റാണ, ഗൗരവ് എന്നിവർ രണ്ടാംപകുതിയിലാണ് എത്തിയത്. ടൂർണമെന്റിൽ ഒമ്പത് ഗോളുമായി ഒന്നാമതുള്ള ഹിമാൻഷു ജാൻഗ്ര ഐഎസ്‌എല്ലിനായി മടങ്ങിയതും തിരിച്ചടിയായി.
മറുഭാഗത്ത് കേരളം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. എതിരാളിയുടെ പിഴവുകൾ മുതലെടുത്ത് കളി മെനഞ്ഞു. പ്രതിരോധവും മധ്യനിരയും മുന്നേറ്റനിരയും ഒരേ കണ്ണിയായി. ഇടതടവില്ലാതെ പന്തുകളൊഴുകി. ഏത് നിമിഷവും ഗോൾ പിറക്കുമെന്ന പ്രതീതി. മധ്യനിരയിൽ വി അർജുൻ അസാധ്യ പ്രകടനമായിരുന്നു. ആദ്യ മൂന്ന് ഗോളിന് പിറകിലും ഇൗ ഇരുപത്താറുകാരന്റെ ബൂട്ടുകളുണ്ടായി.
പതിനാറാം മിനിറ്റിൽ ഇടതുപാർശ്വത്തിൽനിന്നും തൊടുത്ത കോർണർ കിക്കിലാണ് ആദ്യ ഗോൾ. അർജുന്റെ കിക്ക് മഴവില്ലുപോലെ വളഞ്ഞ് വലയിലേക്ക് പറന്നു. അതിലൊന്ന് തലകൊണ്ട് തലോടേണ്ട കാര്യമേ മുഹമ്മദ് അജ്‌സലിനുണ്ടായിരുന്നുള്ളു. വൈകാതെ രണ്ടാമത്തേതുമെത്തി. ഇത്തവണ അർജുന്റെ കൗശലത്തോടെയുള്ള കോർണറായിരുന്നു. ലോങ്‌ബോൾ പ്രതീക്ഷിച്ച് ഗോൾമുഖത്ത് കാത്തുനിന്ന എതിരാളിയെ കബളിപ്പിച്ചുള്ള നീണ്ട പാസ് ബോക്‌സിന് മുന്നിൽനിന്ന് ഓടിയെത്തിയ ബിബിൻ അജയനിലേക്കായിരുന്നു. ബിബിൻ അതിവേഗം മുഹമ്മദ് റിയാസിലേക്ക് കൈമാറി. വലംകാൽ കൊണ്ട് ഒരു തോണ്ടലിൽ വിങ്ങർ പണി തീർത്തു.
ഇതിനിടെ ഇരുടീമിലെയും താരങ്ങൾ കൊമ്പുകോർത്തു. ഫൗളിനെ ചൊല്ലിയുണ്ടായ തർക്കം ചെന്നെത്തിയത് അർജുന്റെയും ദമൻപ്രീത് സിങ്ങിന്റെയും മഞ്ഞ കാർഡിലായിരുന്നു. ആദ്യപകുതിയുടെ അവസാനം അർജുൻ–ആസിഫ്–വിഘ്‌നേഷ് ത്രയത്തിന്റെ നീക്കം മൂന്നാം ഗോളിൽ കലാശിച്ചു. അജ്‌സലിൽനിന്ന് പന്തുവാങ്ങി വിഘ്‌നേഷ് ഇടതുഭാഗത്തുനിന്നും ബോക്‌സിലേക്ക് ഓടികയറി വലയിലേക്ക് ഉന്നംതൊടുത്തു.
ഇടവേള കഴിഞ്ഞും കേരളത്തിന്റെ ആധിപത്യത്തിന് മാറ്റമുണ്ടായില്ല. അർജുന് പകരം മധ്യനിരയിൽ അബൂബക്കർ ദിൽഷാദ് വന്നു. 72–ാം മിനിറ്റിൽ ഹർജിത് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പഞ്ചാബിന് ഇരുട്ടടിയായി. ഇ സജീഷിനെ വീഴ്‌ത്തിയതിന് മത്സരത്തിലെ രണ്ടാം മഞ്ഞ കാർഡ് കിട്ടിയതോടെയാണ് പ്രതിരോധക്കാരന് കളമൊഴിയേണ്ടിവന്നത്. അമിതമായ ആക്രമണത്തിന് മുതിരാതെ പ്രതിരോധത്തിന് ബലം നൽകി പന്തുതട്ടാൻ പരിശീലകൻ എം ഷഫീഖ് ഹസൻ നിർദേശിച്ചു. തക്കംകിട്ടുമ്പോൾ ഗോളടിക്കാൻ കേരളം കുതിച്ചു. കളിയവസാനം പകരക്കാരൻ ഇ സജീഷ് ഒരുക്കിയ അവസരം മുതലാക്കി റിയാസ് പഞ്ചാബിന്റെ കഥകഴിച്ചു.
റിയാസിന്റെ ഇരട്ടമിന്നൽ
വലതുവിങ്ങിൽ തകർത്തു കളിച്ച മുഹമ്മദ് റിയാസാണ് പഞ്ചാബിനെ ചുരുട്ടിക്കൂട്ടിയത്. ഇരുപത്തിനാലുകാരൻ രണ്ട് ഗോളടിച്ചു. 34, 83 മിനിറ്റുകളിലാണ് ലക്ഷ്യം കണ്ടത്. പാലക്കാട് വിളയൂർ കണ്ടേൻകാവ് സ്വദേശിയുടെ മൂന്നാം സന്തോഷ് ട്രോഫിയാണ്. 2022ൽ കർണാകയ്‌ക്കായി കുപ്പായമിട്ടു. കഴിഞ്ഞ സീസൺ മുതൽ കേരള നിരയിലുണ്ട്. ഇത്തവണ സ്ഥിരതയാർന്ന പ്രകടനമാണ്. മേഘാലയക്കെതിരെയും ഗോളടിച്ചിരുന്നു. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സി താരമാണ്. ആശാവർക്കറായ കണ്ടേങ്കാവ് പാറക്കാട്ടുതൊടി ഹസീനയുടെ മകനായ റിയാസ് മംഗലാപുരം യെനപോയ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.
റെയിൽവേസ് കടന്ന് സർവീസസ്
ആദ്യ സെമിയിൽ സർവീസസ് രണ്ട് ഗോളിന് റെയിൽവേസിനെ മറികടന്നു. അഭിഷേക് പവാറിന്റെ ഇരട്ടഗോളാണ് പട്ടാളപ്പടയ്‌ക്ക് തുണയായത്. എട്ടാം കിരീടമാണ് ലക്ഷ്യം. മൂന്ന് മലയാളികൾ ടീമിലുണ്ട്.










0 comments