കേരളം അസമിനെ മൂന്ന് ഗോളിന് കീഴടക്കി , തുടർച്ചയായ രണ്ടാം സെമി , നാളെ പഞ്ചാബിനോട്
print edition മൂന്നടി മിന്നൽ ; സന്തോഷ്‌ട്രോഫിയിൽ കേരളം സെമിയിൽ

കേരളത്തിനായി ഗോൾ നേടിയ അബൂബക്കർ ദിൽഷാദ്, മുഹമ്മദ് അജ്സൽ, എം മനോജ്
അജിൻ ജി രാജ്
Published on Feb 04, 2026, 12:34 AM | 1 min read
ദിബ്രുഗഢ് (അസം)
ഒരുമയുടെ പന്തുതട്ടി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമിയിൽ. ആതിഥേയരായ അസമിനെ മൂന്ന് ഗോളിന് തരിപ്പണമാക്കിയാണ് മുന്നേറ്റം. ക്യാപ്‌റ്റൻ എം മനോജ്, മുഹമ്മദ് അജ്‌സൽ, അബൂബക്കർ ദിൽഷാദ് എന്നിവരാണ് ഗോളടിച്ചത്. തുടർച്ചയായ രണ്ടാം സെമിയാണ്. എട്ടുതവണ ജേതാക്കളായ പഞ്ചാബാണ് നാളെ എതിരാളി.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ ഇതുവരെ കാണാത്ത മുഖമായിരുന്നു കേരളത്തിന്. ആക്രമണവും പ്രതിരോധവുമെല്ലാം ഒറ്റക്കെട്ടായി. ആർപ്പുവിളിക്കാനെത്തിയ ആയിരത്തോളം കാണികളുടെ നടുവിലാണ് വിജയം. ആദ്യപകുതിയിൽ അസമിന് കളംപിടിക്കാനായില്ല. ഇടവേളയ്‌ക്കുശേഷം അത്യുഗ്രൻ ആക്രമണങ്ങളിലൂടെ വിറപ്പിച്ചു. വിശ്രമമില്ലാത്ത നീക്കങ്ങൾ പക്ഷേ ഗോളുകളായില്ല.
ജി സഞ്ജുവിന് പകരം അജയ് അലക്‌സിനെ പ്രതിരോധത്തിൽ അണിനിരത്തിയാണ് കേരളമെത്തിയത്. ഇടതുവിങ്ങിൽ എം വിഘ്‌നേഷുമെത്തി. ഗ്രൂപ്പ് റൗണ്ടുകളിൽ സംഭവിച്ച പിഴവുകൾ തിരുത്തുന്ന പ്രകടനമായിരുന്നു കളത്തിൽ. മധ്യനിരയിൽ ഒ എം ആസിഫ് താളം വീണ്ടെടുത്തത് ഗുണമായി. തുടക്കത്തിൽതന്നെ എതിർഗോൾമുഖത്ത് പന്തുകളെത്തി. വി അർജുൻ തൊടുത്ത കോർണർകിക്കിന് കാലുവച്ചാണ് മനോജ് ആദ്യഗോൾ നേടിയത്. മുന്നിലെത്തിയതിന്റെ ആത്മവിശ്വാസം പിന്നീട് കണ്ടു. ബിബിൻ അജയന്റെ ഫ്രീകിക്ക് അസം ഗോളി നവജ്യോതി അജയൻ കഷ്ടപ്പെട്ടാണ് തട്ടിമാറ്റിയത്. ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് അജ്‌സലിന്റെ മനോഹര ഗോളിലൂടെ ലീഡ് വർധിപ്പിച്ചു. സസ്‌പെൻഷൻ കാരണം പുറത്തിരുന്ന ക്യാപ്‌റ്റൻ പ്രഗ്യാൻ സുന്ദർ ഗോഗോയിയുടെ അഭാവം അസമിനെ ശരിക്കും തളർത്തി.
രണ്ടാംപകുതിയിലെത്തിയത് മറ്റൊരു അസമായിരുന്നു. ആക്രമണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന തിരിച്ചറിവിൽ സർവവും മറന്ന് കളിച്ചു. മുപ്പത് മിനിറ്റോളം നിരന്തരം ആക്രമണം നടത്തി. സുദീപ്‌ത കൊൻവാറും പ്രാഞ്ചലുമെല്ലാം പലവട്ടം ശ്രമിച്ചിട്ടും കേരളം വിട്ടുകൊടുത്തില്ല. ഗോൾമുഖത്തെത്തിയ എണ്ണംപറഞ്ഞ പന്തുകൾ ഹെഡ്ഡറിലൂടെ അജയ് അലക്‌സ് ഒഴിവാക്കി. പോരാടി ക്ഷീണിച്ച എതിരാളിയെ കാഴ്‌ചക്കാരാക്കിയായിരുന്നു മൂന്നാംഗോൾ. വലതുവശത്തുനിന്നും ഇ സജീഷ് നൽകിയ പന്ത് പകരക്കാരൻ ദിൽഷാദ് ലക്ഷ്യത്തിലെത്തിച്ചു.










0 comments