അവസാനഘട്ട പരിശീലനം വയനാട്ടിൽ , 20 അംഗ ടീം പ്രഖ്യാപനം കൊച്ചിയിൽ , 19ന് അസമിലേക്ക് പുറപ്പെടും
print edition സന്തോഷ് ട്രോഫി ഫുട്‌ബോൾ ; കേരള ടീം 15ന്

കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്--റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിൽ കേരള താരങ്ങൾക്ക് നിർദേശം നൽകുന്ന കോച്ച് ഷഫീഖ് ഹസൻ
അജിൻ ജി രാജ്
Published on Jan 08, 2026, 12:00 AM | 1 min read
കോഴിക്കോട്
സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ 15ന് കൊച്ചിയിൽ പ്രഖ്യാപിക്കും. 20 അംഗ ടീമാണ് എട്ടാം കിരീടം തേടി വടക്കു കിഴക്കൻ സംസ്ഥാനമായ അസമിലേക്ക് പുറപ്പെടുക. 21നാണ് ടൂർണമെന്റ് തുടങ്ങുന്നത്. കേരളത്തിന്റെ ആദ്യ കളി മുൻചാമ്പ്യൻമാരായ പഞ്ചാബുമായി 22നാണ്. അസമിലെ സിലാപത്തർ, ധകുഖാന സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. കേരള ടീം 19ന് കൊച്ചിയിൽനിന്ന് വിമാന മാർഗം പുറപ്പെടും.
നിലവിൽ കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് പരിശീലന ക്യാമ്പ്. 38 അംഗങ്ങളാണ് പ്രാഥമിക സംഘത്തിൽ. ഇത് മുപ്പതാക്കി ചുരുക്കും. ശനിയാഴ്‌ച മുതൽ ക്യാമ്പ് വയനാട്ടിലേക്ക് മാറ്റും. അസമിലെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണ് വയനാട്ടിൽ തയ്യാറെടുപ്പ് നടത്തുന്നത്. കൽപ്പറ്റയിലെ സ്‌പോർട്‌സ് കൗൺസിലിന്റെ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്‌റ്റേഡിയത്തിലാണ് ക്യാമ്പ്. ഇവിടെ പരിശീലന മത്സരവും കളിക്കും. ഇതിനിടെ ടീം പ്രഖ്യാപനത്തിനായി 15ന് കൊച്ചിയിൽ പോകും. 16ന് മടങ്ങിയെത്തി വീണ്ടും പരിശീലനം തുടരും. 19ന് രാത്രി കൊച്ചിയിൽനിന്നാണ് അസമിലേക്ക് യാത്ര തിരിക്കുന്നത്. 20ന് രാവിലെ ദിബ്രുഗഢ് വിമാനത്താവളത്തിലെത്തും.
ഏഴ് തവണ ജേതാക്കളായ കേരളം നിലവിലെ റണ്ണറപ്പാണ്. ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. 24ന് റെയിൽവേസ്, 26ന് ഒഡിഷ, 29ന് മേഘാലയ, 31ന് സർവീസസ് എന്നീ ടീമുകളുമായാണ് ഗ്രൂപ്പ് റൗണ്ടിലെ പോരാട്ടങ്ങൾ. മികച്ച നാല് സ്ഥാനക്കാർ ക്വാർട്ടറിലെത്തും. ഫെബ്രുവരി എട്ടിനാണ് ഫൈനൽ. ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം ഷഫീഖ് ഹസനാണ് കേരളത്തിന്റെ പരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് സഹപരിശീലകനും. ഗോൾകീപ്പർ കോച്ചായി ഇന്ത്യൻ മുൻ താരം കെ ടി ചാക്കോയുമുണ്ട്. 2023ൽ മലപ്പുറത്ത് നടന്ന ടൂർണമെന്റിലാണ് അവസാനം ചാമ്പ്യൻമാരായത്.










0 comments