സന്തോഷ് ട്രോഫി ക്യാമ്പ് വയനാട്ടിൽ , ടീം പ്രഖ്യാപനം 15ന് കൊച്ചിയിൽ
print edition വയനാടൻ കുളിരിൽ കേരളം

കേരള സന്തോഷ് ട്രോഫി ടീം വയനാട് കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു / ഫോട്ടോ: ബിനുരാജ്
ജാഷിദ് കരീം
Published on Jan 13, 2026, 01:30 AM | 1 min read
കൽപ്പറ്റ
സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടത്തിനായി വയനാടിന്റെ കുളിരിൽ പരിശീലനത്തിന് തുടക്കമിട്ട് കേരളം. ടൂർണമെന്റ് നടക്കുന്ന അസമിലെ തണുത്ത കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ ഇടത്തിലെ പരിശീലനത്തിനാണ് ചുരം കയറിയത്. മഞ്ഞും കോടയും ഇറങ്ങുന്ന കൽപ്പറ്റ മരവയലിലെ കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്‌റ്റേഡിയത്തിലാണ് ക്യാമ്പ്.
സംഘത്തിൽ 28 കളിക്കാരാണുള്ളത്. 18വരെ ക്യാന്പുണ്ട്. 22 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന 15ന് കൊച്ചിയിലേക്ക് പോകുന്നതൊഴിച്ച് എല്ലാദിവസവും രാവിലെ ഏഴ് മുതൽ ഒന്പതുവരെയാണ് പരിശീലനം. ടീം പരിശീലന മത്സരവും കളിക്കും. 19ന് കൊച്ചിയിൽനിന്ന് വിമാനമാർഗം അസമിലേക്ക് പോകും.
കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഡിസംബർ ആറുമുതൽ ജനുവരി എട്ടുവരെ നടത്തിയ ക്യാമ്പിന് ശേഷമാണ് വയനാട്ടിലെത്തിയത്. ഇതിനിടെ കണ്ണൂർ സർവകലാശാല, ബ്രദേഴ്സ് ക്ലബ്ബ്, കേരള പൊലീസ് ടീമുകളുമായി ഏറ്റുമുട്ടി. ഏഴ് തവണ ജേതാക്കളായ കേരളം നിലവിലെ റണ്ണറപ്പാണ്.
ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണം നേടിത്തന്ന വയനാട് സ്വദേശി എം ഷഫീഖ് ഹസനാണ് മുഖ്യപരിശീലകൻ. കേരളത്തിന്റെ ആദ്യകളി 22ന് മുൻചാമ്പ്യൻമാരായ പഞ്ചാബുമായാണ്. 24ന് റെയിൽവേസ്, 26ന് ഒഡിഷ, 29ന് മേഘാലയ, 31ന് സർവീസസ് ടീമുകളുമായാണ് ഗ്രൂപ്പ് റൗണ്ടിലെ മത്സരങ്ങൾ.










0 comments