മെസിയുടെ വിരമിക്കലിൽ പ്രതികരണമില്ല; റൊണാൾഡോയുടെ ആ ക്യാപ്ഷൻ ചർച്ചയാവുന്നു

ബ്യൂണസ് ഐറസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം ഉണ്ടാകാത്തത് വാർത്തയാകുന്നു. നേരത്തേ, 2016 ൽ മെസി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ റൊണാൾഡോ സാമൂഹ്യമാധ്യമം വഴി പ്രതികരിച്ചിരുന്നു. എന്നാൽ, ഇത്തവണ മെസി വിരമക്കൽ പ്രഖ്യാപിച്ച് മൂന്ന് ദിവസമായിട്ടും റൊണോ ഒന്നും മിണ്ടിയിട്ടില്ല. അടുത്തിടെ മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചപ്പോൾ മെസിയുടെ സാമൂഹ്യമാധ്യമ കുറിപ്പിന് മറുപടിയായി ദുർഘടസമയത്ത് മെസിയെ പിന്തുണയ്‌ക്കുന്നതായി അറിയിച്ചിരുന്നു. മെസി കളിച്ച പിഎസ്‌ജി അടക്കമുള്ള ക്ലബുകൾ ഇക്കാര്യത്തിൽ പ്രതികരിച്ചെങ്കിലും മെസിയുടെ എല്ലാമെല്ലാമായിരുന്ന ബാഴ്‌സലോണ പ്രതികരിക്കാത്തതും വാർത്തയാണ്.
പല പ്രമുഖതാരങ്ങളും മെസിയുടെ വിരമിക്കലിൽ പ്രതികരിച്ചിരുന്നു. എന്നാൽ, മെസിക്കൊപ്പം നിൽക്കുന്ന സമകാലീനനായ ഫുട്‌ബോൾ സൂപ്പർതാരമായ റൊണാൾഡോ പ്രതികരിക്കാത്തതാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. മെസിയാണോ, റൊണാൾഡോയാണോ ഒന്നാമൻ എന്നതായിരുന്നു കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഫുട്‌ബോൾ ലോകത്തെ ഏറ്റവും ചൂടേറിയ തർക്കം. എന്നാൽ, മെസി വിരമിച്ചതോടെ ഇനിയൊരു അന്താരാഷ്‌ട്ര മത്സരവേദിയിൽ ഇവർ മുഖാമുഖം വരില്ലെന്ന് ഉറപ്പായി. ഇവരുടെ താരതമ്യ പോരിനും ശക്തി കുറയും.
മെസിയുടെ വിരമിക്കലിൽ റൊണാൾഡോ പ്രതികരിച്ചതായി തെറ്റായ ചില മാധ്യമ പ്രചരണങ്ങൾ വന്നിരുന്നു. എന്നാൽ, മെസി വിരമിക്കൽ പ്രഖ്യാപിച്ചതിനുപിന്നാലെ റൊണാൾഡോയുടെ ഇൻസ്‌റ്റഗ്രാം പേജിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഫോട്ടോ ''കീപ്പ് പുഷിങ് എന്ന അടിക്കുറിപ്പോടെ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇൗ ഫോട്ടോയെ മെസിയുടെ വിരമിക്കലുമായി ബന്ധപ്പെടുത്തി പലതരം വ്യാഖ്യാനങ്ങൾ പുറത്തു വരുന്നുണ്ട്. താൻ ഇനിയും കളത്തിൽ തുടരുമെന്നും അതിനുള്ള ശാരീരികമികവരുണ്ടെന്നും കാണിക്കാനാണ് ഇൗ പോസ്‌റ്റെന്നാണ് കൂടുതൽ പേരും പറയുന്നത്. എന്തു തന്നെയായാലും മെസി വിരമിക്കലിൽ റൊണോ വൈകാതെ പ്രതികരിക്കുമെന്നു തന്നെയാണ് ലോകം കരുതുന്നത്.









0 comments