Deshabhimani

പിഎസ്ജിയെ തളച്ച് റോമ; പാരിസിൽ സമനില

Fabian Ruiz  Matias Soule

Photo Credit: X/PSG

വെബ് ഡെസ്ക്

Published on Nov 26, 2026, 07:09 AM | 1 min read

പാരിസ്: ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായ പിഎസ്‌ജിയുടെ വിജയക്കുതിപ്പിന് തടയിട്ട് റോമ. പാർക് ഡെ പ്രിൻസിൽ നടന്ന ലീഗ് ഘട്ടത്തിലെ അഞ്ചാം റൗണ്ട് മത്സരം 2-2ന് അവസാനിച്ചു.


ആവേശകരമായ പോരാട്ടത്തിൽ ഇറ്റാലിയൻ ടീമാണ് ആദ്യം ലീഡ് നേടിയത്. തുടർന്ന് മത്സരത്തിലേക്ക് തിരിച്ചുവന്ന പിഎസ്ജി ലീഡ് സ്വന്തമാക്കിയെങ്കിലും, അവസാന നിമിഷം ഡോണിയൽ മാലൻ നേടിയ പെനാൽറ്റിയിലൂടെ റോമ സമനില പിടിക്കുകയായിരുന്നു.


അഞ്ചാം മിനിറ്റിൽ മരിയോ ഹെർമോസോയാണ് റോമയ്ക്ക് ലീഡ് നൽകിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ പിഎസ്ജി സമനില ഗോൾ കണ്ടെത്തി. സെന്നി മയുലുവിന്റെ പന്തിൽ ഇല്ല്യ സബാർനി ഹെഡറിലൂടെ പിഎസ്‌ജിയെ ഒപ്പമെത്തിച്ചു. ഇടവേളയ്ക്കുശേഷം പകരക്കാരനായി ഇറങ്ങിയ ഉസ്മാൻ ഡെംബെലെ 62–ാം മിനിറ്റിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് പിഎസ്‌ജിക്ക് ലീഡ് നൽകി. എന്നാൽ പന്ത് വിറ്റീഞ്ഞയുടെ കൈയിൽ തട്ടിയതിന് വീഡിയോ പരിശോധനയ്ക്കുശേഷം റഫറി റോമയ്ക്ക് പെനൽറ്റി അനുവദിച്ചു. പകരക്കാരനായി ഇറങ്ങിയ ഡോണിയൽ മാലൻ 78–ാം മിനിറ്റിൽ കിക്ക് ഗോളാക്കി. ഇഞ്ചുറി ടൈമിൽ ഡെംബെലെയ്ക്ക് വിജയഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും റോമ ഗോൾകീപ്പർ മിലെ സ്വിലാർ ഷോട്ട് തടഞ്ഞു.


സമനിലയോടെ പിഎസ്‌ജിക്ക് അഞ്ച് മത്സരങ്ങളിൽനിന്ന് 13 പോയിന്റായി. റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന പിഎസ്‌ജി ഡിസംബർ എട്ടിന് ആസ്റ്റൺ വില്ലയെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home