Deshabhimani

'മിഷൻ ചക്കക്കൊമ്പൻ' ഇന്നും തുടരും; ചിന്നക്കനാലിൽ നിയന്ത്രണം

 chakkakomban
വെബ് ഡെസ്ക്

Published on Nov 26, 2026, 06:35 AM | 1 min read

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം ഇന്നും തുടരും.

ആന നിലവിൽ ജനവാസ മേഖലകൾക്ക് സമീപം തന്നെ തുടരുന്ന സാഹചര്യത്തിൽ, നിരീക്ഷണത്തിനായി വനംവകുപ്പിന്റെ പ്രത്യേക സംഘം പുലർച്ചെ തന്നെ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.


ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഇന്നും തുടരും. മയക്കുവെടി വെക്കുന്ന സമയത്ത് ആന വിരണ്ടോടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്.


ചിന്നക്കനാൽ 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് നേരെ ദൗത്യസംഘം ഇന്നലെ ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ചക്കക്കൊമ്പൻ പൂർണമായും മയങ്ങിയില്ല. തുടർന്ന് ആന കാട്ടിലേക്ക് ഓടി. കാലാവസ്ഥയും പ്രതികൂലമായതോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു


തുടക്കത്തിൽ ആന ചതുപ്പുനിലത്തിൽ നിലയുറപ്പിച്ചിരുന്നത് ദൗത്യസംഘത്തിന് വെല്ലുവിളിയായിരുന്നു. ചതുപ്പിൽ വെച്ച് മയക്കുവെടി വെക്കുന്നത് അപകടകരമായതിനാൽ, പടക്കം പൊട്ടിച്ച് ആനയെ തുരത്തി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് സംഘം വെടിയുതിർത്തത്. മയക്കുവെടിയേറ്റ ആനയെ നിയന്ത്രിക്കുന്നതിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ സംഭവസ്ഥലത്തേക്ക് എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി ഏകദേശം ഒരു മണിക്കൂറോളം സമയം വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


അതേസമയം, ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലേക്ക് വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പ്, പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യമേഖലയിലേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്.


ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ദൗത്യസംഘം പൂർണ്ണസജ്ജമാണെന്നും, കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് നാളെ തുടർനടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home