കെയ്‌റോയിൽ പെട്രോളിയം ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം: 31 മരണം

അപകടത്തിന്റെ ദൃശ്യത്തിൽനിന്ന്
കെയ്‌റോ: ഇൗജിപ്‌തിന്റെ തലസ്ഥാനനഗരമായ കെയ്‌റോയിൽ പെട്രോളിയം ടാങ്കർ മറിഞ്ഞ് വൻ അപകടം. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 31 പേർ മരിച്ചതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെയ്‌റോ നഗരത്തെ ചുറ്റുന്ന റിങ് റോഡിലാണ് അപകടം.
പെട്രോളിയം ഉൽപ്പന്നങ്ങളുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിലുണ്ടായിരുന്ന നിരവധി വാഹനങ്ങളിലേക്ക് തീപടർന്നത് അപകടത്തിന്റെ ആക്കം കൂട്ടി. കത്തുന്ന കാറുകൾക്കുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും അപകടത്തിൽപ്പെട്ടവരെ സമീപത്തുള്ള മൂന്ന് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് വാഹനം ദിശമാറി കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചുകയറുകയും തുടർന്ന് പൊട്ടിത്തെറിച്ച് തീപിടിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.







0 comments