Deshabhimani

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ മാധ്യമപ്രവർത്തകയ്ക്ക് റോറി പെക്ക് പുരസ്കാരം

gaza
വെബ് ഡെസ്ക്

Published on Nov 26, 2026, 07:04 AM | 1 min read

ലണ്ടൻ: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ യുദ്ധകാര്യ റിപ്പോർട്ടർ മറിയം ദഗ്ഗയ്ക്ക് മരണാനന്തര ബഹുമതിയായി പ്രശസ്തമായ റോറി പെക്ക് പുരസ്കാരം. പലസ്തീനിലെ യുദ്ധം മനുഷ്യജീവിതത്തിലുണ്ടാക്കിയ കെടുതികൾ ശക്തമായി ലോകത്തിന് മുന്നിലെത്തിച്ചതിനാണ് ഇവർ പുരസ്കാരത്തിന് അർഹരായതെന്ന് റോറി പെക്ക് ട്രസ്റ്റ് അറിയിച്ചു.


2025 ആ​ഗസ്തിൽ തെക്കൻ ഗാസയിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് 33കാരിയായ മറിയം ദഗ്ഗ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ മറ്റ് നാല് മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു. ഫ്രീലാൻസ് വീഡിയോ ജേണലിസ്റ്റുകൾക്കായി നൽകുന്ന ഈ പുരസ്കാരം അസോസിയേറ്റഡ് പ്രസ്സിലെ സഹപ്രവർത്തകരായ അബ്ദുൾ കരീം ഹന, ജിഹാദ് അൽഷറാഫി എന്നിവർക്കൊപ്പമാണ് മറിയം പങ്കിട്ടത്.


2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചത് മുതൽ അസോസിയേറ്റഡ് പ്രസ്സുമായി ചേർന്ന് സ്വതന്ത്ര ഫോട്ടോഗ്രാഫറായും റിപ്പോർട്ടറായും പ്രവർത്തിച്ചുവരികയായിരുന്നു മറിയം.


സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സത്യങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ മാധ്യമപ്രവർത്തകർ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് എക്സിക്യൂട്ടീവ് എഡിറ്റർ ജൂലി പേസ് പറഞ്ഞു. മറിയത്തെയും ഈ സംഘർഷത്തിൽ കൊല്ലപ്പെട്ട മറ്റ് മാധ്യമപ്രവർത്തകരെയും ആദരിക്കുന്നുവെന്നും അവരുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home