ലിങ്ക്ഡ്ഇൻ വഴി ലോകകപ്പിലേക്ക് ഒരു വിളി; ബാങ്ക് ജോലി ഉപേക്ഷിച്ച് ബൂട്ടു കെട്ടിയ 'പികോ'

റോബർട്ടോ ലോപ്പസ് കുടുംബത്തോടൊപ്പം | Photo Credit:Social Media
അറ്റ്‌ലാന്റ: ഗ്രൂപ്പ് എച്ചിലെ മാന്ത്രികപ്പോരാട്ടത്തിന് ഒരുങ്ങുമ്പോൾ, ഫുട്ബോൾ ലോകം ഒരേയൊരു മനുഷ്യനിലേക്ക് കണ്ണുനട്ടിരിക്കുകയാണ്; റോബർട്ടോ ലോപ്പസ്! പത്ത് വർഷം മുൻപ് ഡബ്ലിനിലെ ഒരു ബാങ്കിലിരുന്ന് ലോൺ അപേക്ഷകൾ പരിശോധിച്ച് മടുത്ത ഒരു സാധാരണ ജീവനക്കാരൻ.
എന്നാൽ ഇന്ന്, അയാൾ മെസ്സിയും റൊണാൾഡോയും സ്വപ്നം കാണുന്ന ലോകകപ്പ് വേദിയിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിന്റെ വിശ്വരൂപങ്ങളെ തടയാൻ പ്രതിരോധ കോട്ട കെട്ടി നിൽക്കുന്നു. ഹോളിവുഡ് തിരക്കഥകളെപ്പോലും വെല്ലുന്ന ഒരു അവിശ്വസനീയ ഫുട്ബോൾ ജൈത്രയാത്ര
ആരും തിരിഞ്ഞുനോക്കാത്ത 'സ്പാം മെസ്സേജ്'; ഗൂഗിൾ ട്രാൻസ്‌ലേറ്റർ മാറ്റിയെഴുതിയ വിധി
അയർലൻഡ് ലീഗിലെ 'ബൊഹീമിയൻസ്' ക്ലബ്ബിനായി വൈകുന്നേരങ്ങളിൽ പന്ത് തട്ടുമ്പോഴും ഡബ്ലിനിലെ തന്റെ ഡെസ്ക് ജോലിയോട് ലോപ്പസിന് ഒട്ടും താല്പര്യമില്ലായിരുന്നു. 2017-ൽ ഷാംറോക്ക് റോവേഴ്‌സ് നൽകിയ ഫുട്ബോൾ കരാറാണ് അയാളെ ആദ്യമായി ഒരു പൂർണ്ണസമയ കളിക്കാരനാക്കുന്നത്. എന്നാൽ യഥാർത്ഥ അദ്ഭുതം ഒളിഞ്ഞിരുന്നത് സോഷ്യൽ മീഡിയയിലായിരുന്നു.
ബിസിനസ്സ് നെറ്റ്‌വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇന്നിൽ വന്ന പോർച്ചുഗീസ് ഭാഷയിലുള്ള ഒരു സന്ദേശം 'സ്പാം' ആണെന്ന് കരുതി ലോപ്പസ് ഒൻപത് മാസത്തോളമാണ് അവഗണിച്ചത്! കേപ് വെർദെയുടെ അന്നത്തെ പരിശീലകൻ റൂയി അഗവാസ് ആയിരുന്നു ആ സന്ദേശത്തിന് പിന്നിൽ.
ലോപ്പസിന്റെ അച്ഛന്റെ വേരുകൾ കേപ് വെർദെയിലാണെന്ന് കണ്ടെത്തിയാണ് കോച്ച് മെസ്സേജ് അയച്ചത്. ഒൻപത് മാസത്തിന് ശേഷം കോച്ച് വീണ്ടും ഓർമ്മിപ്പിച്ചപ്പോഴാണ് ലോപ്പസ് ആ സന്ദേശം ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ ഇട്ട് വായിക്കുന്നത്;
"കേപ് വെർദെ ദേശീയ ടീമിനായി കളിക്കാൻ താല്പര്യമുണ്ടോ?". ചോര തിളച്ച നിമിഷത്തിൽ ഒരു മടിയും കൂടാതെ ലോപ്പസ് സമ്മതം മൂളി. അന്ന് തുടങ്ങിയ യാത്രയാണ് ഇന്ന് അറ്റ്‌ലാന്റയിലെ പുൽമൈതാനത്ത് സ്പെയിനെതിരെ ആദ്യ ഇലവനിൽ ബൂട്ടു കെട്ടുന്നതുവരെ എത്തിനിൽക്കുന്നത്
പെട്രോൾ പമ്പിൽ വിൽക്കുന്ന ടിക്കറ്റുകൾ; ലോകകപ്പിനെ ഞെട്ടിക്കാൻ ഒരു കുഞ്ഞൻ രാജ്യം
വെറും 5,25,000 മാത്രം ജനസംഖ്യയുള്ള, ആഫ്രിക്കൻ തീരത്തെ 10 ചെറിയ ദ്വീപുകൾ ചേർന്ന കേപ് വെർദെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ അത്ഭുതമാണ്.
2000-ൽ ലോക റാങ്കിംഗിൽ ആരും അറിയപ്പെടാത്ത 182-ാം സ്ഥാനത്തായിരുന്ന ഇവർ, ഇന്ന് വമ്പന്മാരെ വെല്ലുവിളിച്ച് 67-ാം റാങ്കോടെയാണ് ലോകവേദിയിലെത്തുന്നത്.
ഫുട്ബോൾ ഫെഡറേഷനിൽ വെറും 7 പൂർണ്ണസമയ ജീവനക്കാർ മാത്രമുള്ള ഒരു രാജ്യം! അവിടെ അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റുകൾ വിൽക്കുന്നത് വലിയ കൗണ്ടറുകളിലല്ല, മറിച്ച് നാട്ടിലെ കൊച്ചു ബേക്കറികളിലും പെട്രോൾ പമ്പുകളിലുമാണ്
1975-ൽ പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം തങ്ങളുടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ചരിത്ര സംഭവമായാണ് ഓരോ കേപ് വെർദെക്കാരനും ഈ ലോകകപ്പിനെ കാണുന്നത്. ഗ്രൂപ്പ് എച്ചിൽ സ്പെയിന് പുറമെ സൗദി അറേബ്യയും യുറുഗ്വായുമാണ് ഈ കുഞ്ഞൻമാരുടെ എതിരാളികൾ.
പ്രതീക്ഷയോടെ ആ കുഞ്ഞൻ രാജ്യം
ലോകകപ്പ് 48 ടീമുകളാക്കി ഉയർത്തിയത് കേപ് വെർദെയെപ്പോലുള്ള രാജ്യങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയെന്ന് പ്രവാസികൾ വിശ്വസിക്കുന്നു. അമേരിക്കയിലെ ബോസ്റ്റണിലുള്ള തോണീസ് ബാർബർ ഷോപ്പ് ഇപ്പോൾ ഒരു ഫുട്ബോൾ സ്റ്റേഡിയം പോലെയാണ്.
അവിടെ മുടിവെട്ടാൻ മാത്രമല്ല ആളുകൾ വരുന്നത്, ചരിത്രമെഴുതാൻ പോകുന്ന തങ്ങളുടെ 'ബ്ലൂ ഷാർക്സിനെ' കുറിച്ച് സംസാരിക്കാനാണ്.
ഷോപ്പ് ഉടമ ആന്റണി ആൽവസ് തന്റെ നാട്ടിലെ പാവപ്പെട്ട കുട്ടികൾക്ക് സ്റ്റേഡിയത്തിൽ ഇരുന്ന് കളി കാണാൻ ടിക്കറ്റുകൾ സ്പോൺസർ ചെയ്യുകയാണ്. ആദ്യ പോരാട്ടം തത്സമയം കാണാൻ ബാർബർ ഷോപ്പിൽ കൂറ്റൻ ടിവിയും സൗജന്യ ഭക്ഷണവും പാനീയങ്ങളുമൊരുക്കി ഒരു നാട് മുഴുവൻ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ്.
ലോകം മുഴുവൻ പറയും കേപ് വെർദെയ്ക്ക് 'യാതൊരു സാധ്യതയുമില്ലെന്ന്', പക്ഷേ അവർ ഉറച്ചു വിശ്വസിക്കുന്നു; പന്ത് ഉരുളുന്നത് പുൽമൈതാനത്താണ്, അവിടെ അദ്ഭുതങ്ങൾ സംഭവിക്കും










0 comments